road
തിരുവല്ല എം.ജി.എം.സ്‌കൂൾ ഗ്രൗണ്ടിന് സമീപത്തെ ട്രാൻസ്‌ഫോർമർ നീക്കുന്ന ജോലികൾ നടക്കുന്നു

തിരുവല്ല: തിരുവല്ല - പൊടിയാടി റോഡിൽ എം.ജി.എം. സ്‌കൂൾ ഗ്രൗണ്ടിന്റെ മതിലിനോട് ചേർന്നുള്ള ഭാഗത്ത് മുടങ്ങിയ നടപ്പാതയുടെ നിർമ്മാണം ഇനി പുനരാരംഭിക്കാം. നടപ്പാത നിർമ്മാണത്തിന് തടസമായി നിന്ന ട്രാൻസ്‌ഫോർമർ കെ.എസ്.ഇ.ബി.അധികൃതർ ഇന്നലെ മാറ്റി സ്ഥാപിച്ചു. നവീകരിക്കുന്ന തിരുവല്ല - പൊടിയാടി റോഡ് നിർമ്മാണം അവസാനഘട്ടത്തിലായിട്ടും കെ.എസ്.ഇ.ബി. അധികൃതർ ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കാത്തതിനാൽ നടപ്പാതയുടെ നിർമ്മാണം തടസപ്പെട്ടത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ടിനെ തുടർന്നാണ് നടപടി. റോഡ് നിർമ്മാണത്തിന് തടസമായി നിൽക്കുന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ ഒന്നരവർഷം മുമ്പ് പൊതുമരാമത്ത് അധികൃതർ കെ.എസ്.ഇ.ബിക്ക് പണം അടച്ചിരുന്നതാണ്. എന്നാൽ കെ.എസ്.ഇ.ബി.അധികൃതർ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി അലംഭാവം തുടർന്നതോടെ ട്രാൻസ്ഫോർമറും ഇവിടുത്തെ പോസ്റ്റുകളും മാറ്റി സ്ഥാപിച്ചില്ല. ഇതുകാരണം ഈഭാഗത്തെ നടപ്പാതയുടെ നിർമ്മാണം മുടങ്ങി. ട്രാൻസ്ഫോർമർ വഴിമുടക്കിയായി നിന്നതിനാൽ നടപ്പാത ഇരുവശങ്ങളിലും കൊണ്ട് അവസാനിപ്പിച്ചു. ട്രാൻസ്‌ഫോർമർ നിന്നിരുന്ന ഭാഗത്ത് കുഴിയായി കിടക്കുകയുമായിരുന്നു. ഇതുകാരണം വഴിയാത്രക്കാർ ഈഭാഗത്ത് നടപ്പാതയിൽ നിന്നും റോഡിലിറങ്ങി നടക്കേണ്ട സാഹചര്യമായിരുന്നു. കേരളകൗമുദി വാർത്തയെ തുടർന്ന് റോഡ് നിർമ്മാണത്തിന്റെ ചുമതലയുള്ള കെ.ആർ.എഫ്.ബി.അധികൃതർ സംയുക്ത യോഗത്തിൽ ട്രാൻസ്‌ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം ഉന്നയിക്കുകയായിരുന്നു. ഇതേതുടർന്ന് കെ.എസ്.ഇ.ബി. പ്രത്യേകം എസ്റ്റിമേറ്റ് തയാറാക്കിയാണ് ട്രാൻസ്‌ഫോർമർ നീക്കിയത്. ഇന്നലെ ട്രാൻസ്ഫോർമറിന്റെ സംരക്ഷണവേലി നീക്കി പോസ്റ്റുകൾ റോഡരുകിലേക്ക്‌ മാറ്റി സ്ഥാപിച്ചു. ഇതോടെ പ്രശ്നത്തിന് പരിഹാരമായി.