ചെങ്ങന്നൂർ: അയ്യപ്പ ഭക്തൻമാരെയും പൊതുജനത്തേയും വലയ്ക്കുന്ന ട്രാഫിക് പരിഷ്ക്കാരം ഉടൻ പിൻവലിയ്ക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.ഡി.വിജയകുമാർ ആവശ്യപ്പെട്ടു. ചെങ്ങന്നൂർ യൂണിയൻ താലൂക്ക് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുണ്ടായിരുന്ന പുലിയൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ റെയിൽവേ ഓവർ ബ്രിഡ്ജ് കടന്ന് ബഥേൽ ജംഗ്ഷനിൽ എത്തിച്ചേരുന്ന പഴയ രീതി തുടർന്നാൽ റെയിൽവേസ്റ്റേഷൻ മുതൽ വെള്ളാവൂർ ജംഗ്ഷൻ വരെയുള്ള തിരക്ക് നല്ല രീതിയിൽ ഒഴിവാക്കാൻ കഴിയും. കൂടാതെ പുലിയൂർ ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകൾ മുനിസിപ്പൽ ബസ്‌ സ്റ്റാൻഡിൽ യാത്ര, അവസാനിപ്പിക്കുന്നതിനാൽ സിവിൽ സ്റ്റേഷൻ മറ്റു സർക്കാർ ഓഫീസുകൾ എന്നിവിടെ പോകേണ്ട ആൾക്കാർ മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലുമാണ്. ചെറിയ ഓട്ടമായതിനാൽ ഓട്ടോക്കാരിലെ ചിലരും സഹകരിക്കാത്തതിനാൽ പ്രായമായവരും ശാരീരിക ബുദ്ധിമുട്ടുള്ളവരും വളരെ കഷ്ടപ്പെടുകയാണ്. ശബരിമല തീർത്ഥാടകരുടെ തിരക്കേറിയതിനാൽ നഗരത്തിലും ക്ഷേത്ര പരിസരങ്ങളിലും സി.സി.ടി.വി പ്രവർത്തനം ഇല്ലാത്തതിനാൽ മോഷണവും വർദ്ധിക്കുന്നു. നിലയ്ക്കൽ നിന്നും പമ്പ വരെ പോകുന്നതിന് അയ്യപ്പൻമാരിൽ നിന്നും അന്യമായ ബസ് ചാർജ് ഈടാക്കുന്നത് നീതികരിക്കാനാവില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം ബാബു കല്ലൂത്ര അദ്ധ്യക്ഷത വഹിച്ചു. ഗണേഷ് പുലിയൂർ, ഷിബു രാജൻ, ഷാജി വേഴപ്പറമ്പിൽ, സോമൻ പ്ലാപ്പള്ളി, ബാബു മരുന്നുരേത്ത്, രാഹുൽ ആർ.എന്നിവർ പ്രസംഗിച്ചു.