 
പത്തനംതിട്ട: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം എൻ.ആർ.എൽ.എം പദ്ധതിയുടെ ഭാഗമായി ദേശീയ വ്യാപകമായി ഡിസംബർ 23 വരെ വിവിധ പരിപാടികളോടെ ജെൻഡർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ലിംഗപദവി സമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്നതാണ് ക്യാമ്പയിന്റെ തീം.
നാല് ആഴ്ചകളിലായി നടക്കുന്ന ക്യാമ്പയിന്റെ ഓരോ ഘട്ടത്തിലും ജില്ല, സി.ഡി.എസ്, എ.ഡി.എസ്, ഓക്‌സിലറി ഗ്രൂപ്പ്, അയൽക്കൂട്ട തലങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ഡോക്യുമെന്റേഷൻ നടത്തും. 2021-22 സാമ്പത്തിക വർഷം കുടുംബശ്രീ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ തുടർച്ചയായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമ നിർമാർജന ദിനത്തിൽ ആറന്മുള യുവജന സാംസ്‌കാരിക ശാലയ്ക്ക് സമീപം സംഘടിപ്പിച്ച പൊതുപരിപാടിയിൽ ജെൻഡർ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിർവഹിച്ചു. മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു.