റാന്നി: തുടരെയുള്ള വന്യ ജീവി ആക്രമണത്തിൽ പൊറുതിമുട്ടിയ മലയോര കർഷകർ കാർഷിക മേഖലയിൽ നിന്നും കളം വിടാനൊരുങ്ങുന്നു. കാർഷിക വിളകൾക്കു പിന്നാലെ വളർത്തു മൃഗങ്ങൾക്കും രക്ഷയില്ല എന്ന സ്ഥിതി വന്നതോടെ പിടിച്ചു നിൽക്കാനാവാത്ത സ്ഥിതിയിലാണ് പല കർഷകരും. മാസങ്ങളോളം മണ്ണിൽ പണിയെടുത്തു നിലം ഒരുക്കി കൃഷി ചെയ്തു വളർത്തി വലുതാക്കുന്ന കാർഷിക വിളകൾ വിളവെടുക്കുന്നത് വന്യ ജീവികളായ ആനയും, കാട്ടു പന്നികളുമാണെന്നാണ് കർഷകർ പറയുന്നത്. ശബരിമല വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ കടുവാ മുതൽ കുറുനരി വരെ ജനവാസ മേഖലയിൽ ഇറങ്ങി വളർത്തു മൃഗങ്ങളെ ഉൾപ്പടെ കൊന്നു തിന്നുന്ന സാഹചര്യം ഉണ്ടായതോടെ മേഖലയിലെ കർഷകർ കടുത്ത ആശങ്കയിലാണ്. കഴിഞ്ഞ ദിവസം റാന്നി ഈടിച്ചുവട് എഴോലിയിൽ ഒൻപതോളം ആടുകളെ കുറുനരി കൊന്നു. ഇതിൽ ഏകദേശം രണ്ടു ലക്ഷം രൂപയോളം കർഷകർക്ക് നഷ്ടം ഉണ്ടായിട്ടുണ്ട്. മാസങ്ങൾക്കു മുമ്പാണ് വടശേരിക്കര മുക്കുഴിയിൽ കടുവ പോത്തിനെ കടിച്ചു കൊന്നത്. തുടരെയുള്ള വന്യജീവി ആക്രമണം തടയാൻ വനം വകുപ്പിന്റെ ഭാഗത്തു നിന്നും കാര്യമായ നടപടികൾ ഒന്നും ഉണ്ടാകുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്. ആനയും കാട്ടു പന്നികളും ഉൾപ്പടെ കടക്കാതിരിക്കാൻ വന മേഖലയുടെ ചേർന്ന് പലയിടത്തും സോളാർ വേലികൾ സ്ഥാപിച്ചിരുന്നെങ്കിലും ഇതു കൃത്യമായി പരിപാലിക്കാത്തതു മൂലം വന്യജീവികൾ കൃഷിയിടങ്ങളിൽ വിലസുകയാണ്.

...................

മലയോര മേഖലയിൽ കൃഷി ചെയ്തു ഉപജീവനം നടത്തുക എന്നത് വളരെ പ്രയാസമുള്ള കാര്യമായി മാറിയിരിക്കുന്നു. കൃഷിയല്ലാതെ മറ്റു തൊഴിൽ മേഖല പരിചിതമല്ലാത്ത ഞങ്ങളുടെ മുന്നോട്ടുള്ള കാര്യങ്ങളിൽ വളരെ ആശങ്കയുണ്ട്. കൃഷി ഭൂമി ഉപേക്ഷിച്ചു പോകുക എന്നത് വളരെ വേദനാജനകവുമാണ്.

രവീന്ദർ

(കർഷകർ)