
കലഞ്ഞൂർ: ഇലവൃന്താനം അർത്തനാൻപടി റോഡിലെ പാലം പൊളിച്ചിട്ട് രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് പരാതി. സാധാരണക്കാർ താമസിക്കുന്ന ഈ മേഖലയാകെ ഒറ്റപ്പെട്ട അവസ്ഥയാണ്. കീച്ചേരി, കൊന്നേലയ്യം, പൂവണ്ണാൽ, വിലയകോൺ, കുടപ്പാറ, അർത്തനാൽ എന്നീ പ്രദേശത്തുള്ളവർ കലഞ്ഞൂരിലോ, സ്കൂളിലോ എത്തണമെങ്കിൽ കിലോമീറ്ററുകൾ താണ്ടി വേണം എത്താൻ. സ്കൂൾ കുട്ടികളാണ് ഏറെ ബുദ്ധിമുട്ടുന്നത്.
ഇലവൃന്താനം - അർത്തനാൽ പടി റോഡ് രണ്ടുവർഷത്തിന് മുമ്പ് കാൽനടയാത്രയ്ക്കും ഇരുചക്രവാഹന യാത്രയ്ക്കും യഥേഷ്ടം പോകുന്നതിന് വളരെ സഹായകമായിരുന്നു. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വലിയ വാഹനങ്ങൾ പോകുന്ന തരത്തിൽ പണിയെണമെന്ന വാഗ്ദാനത്തോടെ പാലം കരാർ കൊടുത്തു പൊളിച്ചുമാറ്റി. എന്നാൽ അധികൃതർതിരിഞ്ഞു നോക്കിയിട്ടില്ല. സ്ഥലം എം.എൽ.എ. ഈ പാലം സന്ദർശിക്കുകയും എത്രയും പെട്ടെന്ന് പാലം പണിയാനുള്ള നടപടി സ്വീകരിക്കാം എന്ന് അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ
ഈ പ്രദേശത്തുള്ള ആളുകൾ ഇതുവഴി യാത്ര ചെയ്ത് വീണ് പരിക്കുപറ്റി ചികിത്സയിലുള്ളവർ നിരധിയാണ്. അടിയന്തരമായി പാലം പണിത് നാട്ടുകാരുടെ യാത്രാദുരിതം മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഉൾപ്പെടെ ഓഫീസുകൾക്കു മുമ്പിൽ ധർണ നടത്താനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.