പത്തനംതിട്ട: എട്ടാംക്ളാസ് വിദ്യാർത്ഥിനിയായ മകളെ ശാരീരിക, ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെ പത്തനംതിട്ട പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി ജയകുമാർ ജോൺ 107 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പിഴ ഒടുക്കാതിരുന്നാൽ 5 വർഷം അധിക തടവ് അനുഭവിക്കണം. വിവിധ വകുപ്പികളിലായുള്ള ശിക്ഷ ഒരുമിച്ച് 67 വർഷം അനുഭവിച്ചാൽ മതി. കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനെയാണ് ശിക്ഷിച്ചത്.
മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണിത്. മാതാവ് നേരത്തെ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. 2020 കാലയളവിലാണ് പീഡനം നടന്നത്. സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിംഗ് ബിറ്റ് കുത്തിയിറക്കുകയും ചെയ്തു. നിലവിളിച്ചു കൊണ്ട് ഒാടിയ പെൺകുട്ടി അയൽ വീട്ടിൽ ഒരു രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന് സ്‌കൂളിലെത്തി കരഞ്ഞു കൊണ്ടിരുന്ന കുട്ടിയോട് അദ്ധ്യാപികമാർ കാര്യം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിച്ച് പെൺകുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.