കെ.എസ്.ആർ.ടി.സി ടൂർ പാക്കേജ് നാളെ മുതൽ

പത്തനംതിട്ട: കോടമഞ്ഞിന്റെ കുളിരണിഞ്ഞ ഗവിയിലേക്ക് സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ ടൂർ പാക്കേജ് നാളെ ആരംഭിക്കും. തിരുവനന്തപുരം ഡിപ്പോയിൽ നിന്ന് തെക്കൻ മേഖല, എറണാകുളം ഡിപ്പോയിൽ നിന്ന് മദ്ധ്യമേഖല, കോഴിക്കോട് ഡിപ്പോയിൽ നിന്ന് വടക്കൻ മേഖല എന്നിങ്ങനെയാണ് പാക്കേജ് . തിരുവനന്തപുരത്ത് നിന്നും എറണാകുളത്തു നിന്നുമുള്ള സർവീസുകൾ പുലർച്ചെ മൂന്ന് മണിയോടെ ആരംഭിച്ച് രാവിലെ ആറരയോടെ പത്തനംതിട്ട ഡിപ്പോയിലെത്തും. കോഴിക്കോട് നിന്നുള്ള സർവീസ് താമസ സൗകര്യമടക്കം രണ്ടു ദിവസത്തെ പാക്കേജിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കുമരകം, വാഗമൺ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചാണ് പത്തനംതിട്ടയിലെത്തുന്നത്.

പത്തനംതിട്ടയിൽ നിന്ന് 36 സീറ്റുകളുളള മൂന്ന് കെ.എസ്.ആർ.ടി.സി ഒാർഡിനറി ബസുകൾ ഏഴ് മണിയാേടെ ഗവിയിലേക്ക് പുറപ്പെടും. വഴിയിൽ കാഴ്ചകൾ കാണാനും ഫോട്ടോയെടുക്കാനും ബസുകൾ നിറുത്തും. യാത്ര, ഭക്ഷണ സൗകര്യം ഉൾപ്പെടെയുള്ള പാക്കേജിൽ കൊച്ചുപമ്പയിൽ ബോട്ടിംഗും ഗവിയിൽ ട്രക്കിംഗും ഉൾപ്പെടുത്തിയിട്ടുണ്ട്. മുണ്ടക്കയം, പാഞ്ചാലിമേട് വഴി പത്തനംതിട്ടയിൽ തിരിച്ചെത്തും. അഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്.

70 കിലോമീറ്റർ വനയാത്ര

പത്തനംതിട്ട ആങ്ങമൂഴിയിൽ നിന്ന് മൂഴിയാർ, കക്കി, ആനത്തോട്, കൊച്ചു പമ്പ, ഗവി ഡാമുകൾക്ക് മുകളിലൂടെ എഴുപത് കിലോമീറ്റർ വനയാത്ര നടത്തിയാണ് ഗവിയെലെത്തുന്നത്. വള്ളക്കടവ്, വണ്ടിപ്പെരിയാർ, പാഞ്ചാലിമേട് വഴി തിരികെ പത്തനംതിട്ടയിലെത്തും. പെരിയാർ ടൈഗർ റിസർവ് വനത്തിലൂടെയുള്ള യാത്രയിൽ കാട്ടാന, കാട്ടുപോത്ത്, മാൻ, മ്ളാവ്, മലയണ്ണാൻ, കരിങ്കുരങ്ങ്, വിവിധതരം ചിത്രശലഭങ്ങൾ, അപൂർവ പക്ഷികൾ, തുടങ്ങിയവയെ കാണാം. മൊട്ടക്കുന്നുകളും പുൽമേടും കരിമ്പാറകളും വഴിയുടെ ഇരുവശങ്ങളിലുമുണ്ട്.

'' പൂർണമായും ഹരിതചട്ടം പാലിച്ചാണ് യാത്ര. പ്ളാസ്റ്റിക്കും മദ്യവും കൊണ്ടുപോകാൻ അനുവദിക്കില്ല. ഡിസംബർ ഒന്നിന് ആരംഭിക്കുന്ന യാത്രയിൽ 11 സീറ്റുകൾ ഒഴിവുണ്ട്. 9446420615, 9744348037 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.

തോമസ് മാത്യു, ഡി.ടി.ഒ പത്തനംതിട്ട.