തിരുവല്ല : ആദിവാസി യുവാവായ കറുമ്പനായി വേദിയിൽ പകർന്നാടിയ അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ്.എസ് ആറാം ക്ലാസ് വിദ്യാർത്ഥി ബി.ആദിത്യൻ മികച്ച നടനായി. കാട്ടിലെ കറുമ്പൻ എന്ന നാടകത്തിലൂടെ ആദിവാസി യുവാവിന്റെ നന്മയും ധീരതയുമെല്ലാം മികവോടെ ആദിത്യൻ അവതരിപ്പിച്ചു. കാടിനുനടുവിൽ നിർമ്മിക്കുന്ന ഡാമുകാണാനെത്തിയ സന്ദർശകരെ വന്യമൃഗങ്ങൾ ആക്രമിക്കുന്നതും ഇവർ കറുമ്പനും കൂട്ടുകാരൻ വിരനും താമസിക്കുന്ന ആദിവാസി ഊരിലേക്ക് പ്രാണരക്ഷാർത്ഥം ഓടിയെത്തുന്നതും വീരനെ കണ്ട് സംഘം പേടിച്ച് തിരികെ പോകുമ്പോൾ വീണ്ടും വന്യമൃഗങ്ങളുടെ മുന്നിൽപ്പെടുന്നതുമാണ് കഥയുടെ ചെറുരൂപം. വീരന്റെ നിർദ്ദേശ പ്രകാരം കറുമ്പൻ ഇവരെ രക്ഷിക്കുന്നു. തുടർന്ന് സംഘത്തിന്റെ നിർബന്ധത്തിന് വഴങ്ങി കറുമ്പൻ പഠനം ആരംഭിക്കുന്നതും ഇതിനിടെ ഡാം തകർന്ന് വീരൻ മരിക്കുന്നതോടെ നാടകം പൂർണമാകുന്നു. അഭിനയ രംഗത്ത് ആദ്യമാണെങ്കിലും തുടക്കക്കാരന്റെ ആകുലതകളില്ലാതെ ആദിത്യൻ അഭിനയിച്ച നാടകം യു.പി വിഭാഗത്തിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.