1
അടൂർ കരുവാറ്റ പള്ളിക്ക് സമീപം ബെെ പാസ് ജംഗ്ഷനിൽ സ്ഥാപിച്ച പ്രചരണ ബോർഡ്.

അടൂർ: കോൺഗ്രസ് രാഷ്ട്രീയത്തിലെ വിവാദങ്ങൾക്കിടയിൽ ശശി തരൂർ എം.പി ഡിസംബർ നാലിന് അടൂരിൽ. ഐക്യരാഷ്ട്ര സഭ വികസനകാര്യ വിഭാഗം മുൻ തലവൻ ജോൺ സാമുവൽ നേതൃത്വം നൽകുന്ന ബോധി ഗ്രാമിന്റെ ആഭിമുഖ്യത്തിൽ പൊതുബോധവത്കരണത്തിന്റെ ഭാഗമായി നടത്തുന്ന സെമിനാറിലാണ് ശശി തരൂർ പങ്കെടുക്കുന്നത്. അടൂർ ഗ്രീൻവാലി കൺവെൻഷൻ സെന്ററിൽ രാവിലെ 11 നാണ് പരിപാടി. 10.15 ന് പന്തളം കൊട്ടാരത്തിലെത്തിയ ശേഷമാണ് അദ്ദേഹം ഗ്രീൻ വാലിയിൽ എത്തുന്നത്. യുവ ഭാരതം : സാമൂഹിക സാമ്പത്തിക - ശാക്തീകരണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്യും.

വ്യാപകമായ പ്രചരണ പ്രവർത്തനങ്ങളാണ് പരിപാടിയുടെ ഭാഗമായി നടത്തുന്നത്. അടൂർ നഗരത്തിൽ പോസ്റ്ററുകളും ബോർഡുകളും നിറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയും പ്രചാരണം സജീവമാണ്.

ആയിരം പേരെയാണ് പരിപാടിയിൽ പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. 500 വിദ്യാർത്ഥികൾ പങ്കെടുക്കും. പത്തനംതിട്ട ജില്ലയിൽ നിന്ന് കൂടാതെ കൊല്ലം, ആലപ്പുഴ, ജില്ലകളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. സി.പി.എം, സി.പി.ഐ, ബി.ജെ.പി പ്രവർത്തകർക്കും ക്ഷണമുണ്ട്.

രാഷ്ട്രീയമില്ല:ബോധിഗ്രാം

ശശിതരൂരുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള വിവാദങ്ങൾ പരിപാടിയെ ബാധിക്കില്ലെന്നും തന്റെ വ്യക്തിപരമായ രാഷ്ട്രീയത്തെ ബോധി ഗ്രാമുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ബോധി ഗ്രാമിന് രാഷ്ട്രീയമില്ലെന്നും ബോധി ഗ്രാം ഡയറക്ടർ ജോൺ സാമുവൽ പറഞ്ഞു. ബോധിഗ്രാം പ്രവർത്തനം തുടങ്ങിയത് 1987 ഡിസംബറിലാണ്. പൂന യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളുടെ ഇടയിലുള്ള ബോധി പഠന - വിശകലന സംവാദ ഫോറമാണ് ബോധിഗ്രാമായി 1988 ൽ പരിണമിച്ചത്. ചർച്ചകളിലൂടെയും പഠനങ്ങളിലൂടെയും തെരുവ് നാടകങ്ങളിലൂടെയും മാനവിക -സാമൂഹിക -പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ലക്ഷ്യം. സ്ത്രീ ശാക്തീകാരണം, യുവ നേതൃത്വ പരിശീലനം, സംരംഭക പരിശീലം, ബോധവൽക്കരണം, വിജ്ഞാന പഠന ഗവേഷണം തുടങ്ങിയവ ബോധിഗ്രാമിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ശശി തരൂർ ആറാം തവണയാണ് ബോധി ഗ്രാമിന്റെ പരിപാടിയിൽ പങ്കെടുക്കുന്നത്.