ശബരിമല : പ്രതികൂല കാലാവസ്ഥയും തിരക്കും മൂലം ശബരിമലയിലും പമ്പയിലും തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്റണം ബാധിക്കുന്നത് പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലിനെ. പമ്പയിൽ ജലനിരപ്പ് ഉയർന്നാൽ നിലയ്ക്കലിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്റണമുണ്ടാകും. മഴ ശക്തമായാൽ ശബരിമലയിലും പമ്പയിലും തീർത്ഥാടകരെ തങ്ങാൻ അനുവദിക്കില്ല. പകരം നിലയ്ക്കലിൽ സൗകര്യമൊരുക്കേണ്ടിവരും.

തിരക്ക് വർദ്ധിച്ചതോടെ നിലയ്ക്കൽ -പമ്പ ചെയിൻ സർവീസിനായി തീർത്ഥാടകർ ഏറെനേരം കാത്തുനിൽക്കണം. നാമമാത്രമായ ബസുകൾ മാത്രമാണ് നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് സർവീസ് നടത്തുന്നത്. ദീർഘദൂര സർവീസുകൾ പമ്പയിലേക്ക് പോകുമെങ്കിലും ഇതിൽ മ​റ്റ് തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. ചെറിയ വാഹനങ്ങൾക്ക് പമ്പ വരെ പ്രവേശനമുണ്ടെങ്കിലും പാർക്കിംഗിനായി തിരികെ നിലയ്ക്കലിൽ എത്തണം. തീർത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി പമ്പയിൽ ഗതാഗത മന്ത്റി ആന്റണി രാജു വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ ഒരു മിനി​റ്റിൽ ഒരു ബസ് വീതം നിലയ്ക്കൽ -പമ്പ റൂട്ടിൽ സർവീസ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ തീർത്ഥാടനം ആരംഭിച്ച ദിവസംതന്നെ മന്ത്റിയുടെ പ്രഖ്യാപനങ്ങളെല്ലാം പാളിയിരുന്നു. സ്വകാര്യ വാഹനങ്ങളിൽ വരുന്ന ഭക്തരെ നിലയ്ക്കലിൽ ഇറക്കിയ ശേഷം കെ.എസ്.ആർ.ടി.സി ബസുകളിലാണ് പമ്പയിലേക്ക് വിടുന്നത്.

നിലയ്ക്കലിൽ നാമമാത്രമായ ഹോട്ടലും ടീസ്​റ്റാളുകളും മാത്രമാണുള്ളത്. ദേവസ്വം ബോർഡിന്റെ അന്നദാനമുണ്ടെങ്കിലും എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കുടിവെള്ളത്തിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ദേവസ്വം ബോർഡിന്റെ കുടിവെള്ള വിതരണം മൂന്നിടങ്ങളിൽ മാത്രമായി ഒതുങ്ങി. ശൗചാലയങ്ങളും കുറവാണ്.