അടൂർ :പറക്കോട് ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ക്ഷീര സംഗമവും ക്ഷീര സംഘം കെട്ടിട ഉദ്ഘാടനവും ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരവികസ വകുപ്പിന്റെയും ബ്ലോക്കിലെ 30 ക്ഷീരസഹകരണ സംഘങ്ങളുടേയും സഹകരണത്തോടെയാണ് ക്ഷീര സംഗമം നടക്കുന്നത്. ഡിസംബർ ഒന്നിന് പക്ഷി, മൃഗ പ്രദർശനവും കന്നുകാലി പ്രദർശന മത്സരവും നടക്കും. പങ്കെടുക്കുന്ന എല്ലാ ഉരുക്കൾക്കും സൗജന്യമായി കാലിത്തീറ്റയും ധാതു ലവണ മിശ്രിതവും നൽകും. വിവിധയിനങ്ങളിലുള്ള 100 ഒാളം കന്നുകാലികളെ പ്രദർശനത്തിൽ അണിനിരത്തും. മണ്ണടി താഴത്ത് ജംഗ്ഷനിലാണ് പ്രദർശനം. വിജയികളാകുന്ന കർഷകർക്ക് കാഷ് അവാർഡും നൽകും. സംഗമം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഡിസംബർ രണ്ടിന് മണ്ണിട ക്ഷീര സംഘം പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. കൂടുതൽ പാൽ അളന്ന കർഷകർക്ക് ചടങ്ങിൽ അവാർഡ് നൽകും. ഡിസംബർ ഒന്നിന് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഡയറി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്നും സ്വാഗത സംഘം ചെയർമാനും പറക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിന്റുമായ ആർ.തുളസീധരൻ പിള്ള, വൈസ് ചെയർമാനും ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം.പി മണിയമ്മ,ക്ഷീര വികസന ഓഫീസർ കെ.പ്രദീപ് കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.