ശബരിമല : പതിനായിരക്കണക്കിന് തീർത്ഥാടകർ പുണ്യസ്നാനം നടത്തുന്ന പമ്പാ നദിയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി ഉയരുന്നതായി മലിനീകരണ നിയന്ത്റണ ബോർഡിന്റെ റിപ്പോർട്ട്. 100 മില്ലിഗ്രാം വെള്ളത്തിൽ 500 കോളിഫോം ബാക്ടീരിയയാണ് അനുവദനീയമായ അളവ്. എന്നാൽ പമ്പയിൽ ഇത് ആയിരത്തിന് മുകളിലാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. മനുഷ്യ വിസർജ്യമടക്കമുള്ള മാലിന്യങ്ങളിൽ നിന്നുള്ള കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കൂടുതൽ കണ്ടെത്തിയത് പമ്പയുടെ താഴെ ഭാഗത്താണ്. 100 മില്ലിഗ്രാം വെള്ളത്തിൽ 2500 വരെയാണ് ഈ ഭാഗങ്ങളിൽ ബാക്ടീരിയയുടെ അളവ്. ഞുണുങ്ങാ​റ്റിലൂടെയാണ് മനുഷ്യവിസർജ്യം അധികവും ഒഴുകിയെത്തുന്നത്. സന്നിധാനത്ത് മലിനീകരണ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മനുഷ്യവിസർജ്യം ഇപ്പോഴും താഴേക്ക് ഒഴുകുന്ന സ്ഥിതിയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ത്രിവേണി 700, കക്കിയാർ 600 എന്ന തോതിലാണ് ബാക്ടീരിയയുടെ സാന്നിദ്ധ്യം. നദിയിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം വർദ്ധിച്ചതോടെ വെള്ളത്തിലെ ഓക്സിജന്റെ അളവ് കുത്തനെ കുറഞ്ഞിട്ടുണ്ട്.അതേസമയം സന്നിധാനത്തെയും പമ്പയിലെയും കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ ഇല്ല എന്നത് ഏറെ ആശ്വാസം നൽകുന്നുണ്ട്.