പത്തനംതിട്ട : ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിക്കും.
കളക്ടറേറ്റിൽ നിന്ന് ആരംഭിച്ച് ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ സമാപിക്കുന്ന റാലി ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഫ്ലാഗ് ഓഫ് ചെയ്യും. പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. തിരുവല്ല സബ് കളക്ടർ ശ്വേത നാഗർകോട്ടി മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിത കുമാരി മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് റെഡ് റിബൺ അണിയിക്കലും നിർവഹിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ. അജയകുമാർ, നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറി അലക്‌സ്, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. രചന ചിദംബരം, സി.എസ്. നന്ദിനി തുടങ്ങിയവർ പങ്കെടുക്കും.
എയ്ഡ്‌സ് ദിനാചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് 5.30ന് പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നടക്കുന്ന ദീപം തെളിക്കൽ ചടങ്ങ് മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും.
എയ്ഡ്‌സ് ബോധവൽക്കരണ കാക്കാരശി നാടകം പത്തനംതിട്ട മുദ്ര സ്‌കൂൾ ഒഫ് പെർഫോമിംഗ് ആർട്‌സ് അവതരിപ്പിക്കും.