ഇലവുംതിട്ട: ബാറിലുണ്ടായ സംഘർഷത്തിന് ശേഷം വീട്ടിലെത്തിയയാൾ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. നല്ലാനിക്കുന്ന് താന്നിനിൽക്കുന്നതിൽ അജിരാജ് (46) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പന്നിക്കുഴി പനയ്ക്കൽ കോളനിയിൽ മുരളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.30 നാണ് ബാറിൽ വച്ച് മുരളിയുമായി സംഘട്ടനമുണ്ടായത്. തറയിൽ തലയടിച്ച് അജി വീണു. തുടർന്ന് ഒന്നരയോടെ വീട്ടിലെത്തി കിടന്ന അജിയുടെ നില പെട്ടെന്ന് വഷളാവുകയായിരുന്നു. കണ്ണിലും മുഖത്തും നീര് വച്ചതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ ചെന്നതിന് ശേഷമാണ് മരിച്ചതെന്ന് ഇലവുംതിട്ട പൊലീസ് പറഞ്ഞു.
മർദനമേറ്റുള്ള മരണമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. മേസ്തിരി പണിക്കാരനാണ് അജി. ബാറിൽ നടന്ന സംഘട്ടനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. അജിയുടെ ഭാര്യ സുമ. മക്കൾ: അഞ്ജന, അർച്ചന.