ചെങ്ങന്നൂർ: സംസ്ഥാനത്തെ എല്ലാ നഗരസഭകളിലും മാസ്റ്റർ പ്ലാൻ നിയമ വിധേയമായി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയ ഇടതു സർക്കാരിനെ പിന്തുണയ്ക്കുന്നവർ മാസ്റ്റർ പ്ലാനിന് എതിരായി സമരം ചെയ്യുന്നത് വിരോധാഭാസമാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് പറഞ്ഞു. യു.ഡി.എഫ്. കൗൺസിലർമാരുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് മംഗലം 5, 6, 7 വാർഡുകളിൽ നടത്തിയ വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള തീരുമാനം നഗരസഭാ കൗൺസിലിന്റെ ആവശ്യപ്രകാരമല്ല. ഇതിന് പിന്നിൽ സർക്കാരിന് ദുരുദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശി എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.വി.ജോൺ, ബിപിൻ മാമ്മൻ, നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, വൈസ് ചെയർമാൻ ഗോപു പുത്തൻമഠത്തിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കുമാരി, പി.ഡി.മോഹനൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ, സെക്രട്ടറി റിജോ ജോൺ ജോർജ്ജ്, കെ.ദേവദാസ്, ആർ.ബിജു, ജയിംസ് പടിപ്പുരയ്ക്കൽ, സാലി ജയിംസ് എന്നിവർ പ്രസംഗിച്ചു. സ്വതന്ത്ര കൗൺസിലർ ജോസ് ഏബ്രഹാമും പിന്തുണയുമായി പ്രചരണ ജാഥയിൽ പങ്കെടുത്തു.