 
കോന്നി: അധികൃതരുടെ അവഗണന കാരണം കോന്നി ആനത്താവളത്തിൽ ആരംഭിച്ച ജില്ലാ പൈതൃക മ്യൂസിയം നശിക്കുന്നു. 2019 ലാണ് രണ്ട് കോടി രൂപ മുടക്കി കോന്നി ആനത്താവളം കേന്ദ്രമാക്കി ജില്ലാ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരാവസ്തുവകുപ്പ് ആരംഭിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിലും പൈതൃക മ്യൂസിയങ്ങൾ തുടങ്ങാൻ തീരുമാനിച്ചപ്പോൾ ജില്ലയിലെ മ്യൂസിയം കോന്നിയിൽ അനുവദിക്കുകയായിരുന്നു. ഇക്കോ ടൂറിസം സെന്ററിലെ വനം വകുപ്പിന്റെ മൂന്ന് കെട്ടിടങ്ങൾ ഇതിനായി വിട്ടുനൽകുകയും ചെയ്തു. ഉദ്ഘാടനം നടത്തിയതിനു ശേഷം പൈതൃക മ്യൂസിയം ഇതുവരെ തുറന്നിട്ടില്ല. ആനത്താവളത്തിലെത്തുന്ന സഞ്ചാരികൾക്ക് പൈതൃക മ്യൂസിയത്തെപ്പറ്റി അറിയുകയുമില്ല. 2014ൽ മ്യൂസിയത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായി പന്തളം എൻ.എസ്.എസ് കോളേജിലെ ചരിത്രവിഭാഗവുമായി ചേർന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് എട്ട് സംഘങ്ങളായി ജില്ലയുടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തി. പരമ്പരാഗത കാർഷിക ഉപകരണങ്ങൾ,വിവിധ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ,പഴയകാല ചികിത്സ ഉപകരണങ്ങൾ, പഴയകലാചരിത്ര രേഖകൾ എന്നിവ കണ്ടെത്തി ഇവിടെയെത്തിച്ചിരുന്നു.
ചരിത്ര ശേഷിപ്പുകൾ നശിക്കുന്നു
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചരിത്രസ്നേഹികളും പഴമക്കാരും സൂക്ഷിച്ചിരുന്ന പൈതൃക സ്വത്തുക്കളാണ് ഇവിടെ നശിക്കുന്നത്.രാജഭരണ കാലത്തെ ശേഷിപ്പുകൾ, ആറന്മുള കണ്ണാടി, കടമ്മനിട്ട പടയണി എന്നിവയുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പുകൾ,പഴയകാല ചികിത്സ ഉപകരണങ്ങൾ,വിവിധ ആചാര അനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ,കാർഷിക സംസ്കാരം വിളിച്ചോതുന്ന കാർഷിക ഉപകരണങ്ങൾ,പുതിയ തലമുറയ്ക്കായി ചരിത്ര രേഖകളുടെ മിനിയേച്ചർ രൂപങ്ങൾ എന്നിവ പൈതൃക മ്യൂസിയത്തിനായി ഇവിടെ എത്തിച്ചിരുന്നു. പൈതൃക മ്യൂസിയത്തിന്റെ കെട്ടിടം കുട്ടിയാനയെ സംരക്ഷിക്കുന്നതിനായി മുൻപ് ഉപയോഗിച്ചിരുന്നു. മ്യൂസിയം ഇപ്പോൾ ചിതലരിച്ചു നശിക്കുകയാണ്.സാംസ്‌കാരിക വകുപ്പ് തിരിഞ്ഞു നോക്കാത്തതുമൂലം നൂറിലധികം പൈതൃക പുരാതന സ്വത്തുക്കളാണ് നശിച്ചൊടുങ്ങുന്നത്.
........................
ജില്ലയുടെ പൈതൃക മ്യൂസിയം പുരാവസ്തു വകുപ്പിന്റെ അനാസ്ഥമൂലം നശിക്കുകയാണ്
പ്രവീൺ പ്ലാവിലയിൽ
( കോന്നി ബ്ലോക്ക്പഞ്ചായത്ത് അംഗം )