കോന്നി: കൂടൽ ഇഞ്ചപ്പാറയിൽ ജനവാസമേഖലയിൽ ഇറങ്ങിയ പുലി ആടിനെ കൊന്നു. ഇഞ്ചപ്പാറ, മഠത്തിലേത്തു ജോസ്ന്റെ ആടിനെയാണ് ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് പുലി കൊന്നത്. പുലി ആടിനെ കൊല്ലുന്നത് നേരിൽ കണ്ടതായി ജോസ് പറഞ്ഞു.സംഭവത്തെ തുടർന്ന് പാടം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. മഴപെയ്തതിനാൽ പുലിയുടെ കാൽപ്പാടുകൾ വനം വകുപ്പിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ച്ച വൈകിട്ട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ.അനിൽകുമാറിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്ത് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചു. പ്രദേശത്ത് വനപാലകരുടെ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. മുൻപും പ്രദേശത്തെ ജനവാസമേഖലകളിൽ പുലിയുടെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്.