ഇളമണ്ണൂർ : റോഡ് ടാർ ചെയ്യുന്നതിനുള്ള ടാർമിക്സുമായി കിൻഫ്ര പാർക്കിലെ ടാർമിക്സിംഗ് യൂണിറ്റിൽ നിന്ന് പോകുന്നതിനിടെ ടിപ്പർ ലോറി തീകത്തിനശിച്ചു. ജനത്തിരക്കുള്ള ഭാഗത്തേക്ക് ലോറി കൊണ്ടുപോകാതെ ഡ്രൈവർ രതീഷ് കാട്ടിയ മനസാന്നിദ്ധ്യം മൂലം വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. ചവറ പന്മന പുത്തൻചന്ത സ്വദേശി അൻസാരിയുടെ ഉടമസ്ഥതിലുള്ള ചേമത്ത് ഗ്രൂപ്പിന്റേതാണ് ലോറി. ഇടപ്പള്ളികോട്ടയിലേക്ക് പോകാൻ ലോഡ് കയറ്റി കിൻഫ്രപാർക്കിന്റെ ഭാഗത്തെ ഇറക്കമിറങ്ങി ഇളമണ്ണൂർ തീയറ്റർ ജംഗ്ഷനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പാണ് ലോറിയുടെ ക്യാബിന്റെ പിന്നിൽ പുകയും തീയും കാബിനുള്ളിലെ കണ്ണാടിയിൽ രതീഷ് കണ്ടത്. സമീപത്ത് വീടുകൾ ഉള്ളതിനാൽ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ പുതിയ ഒാഫീസ് കെട്ടിത്തിന് സമീപത്തെ ആൾത്തിരക്കില്ലാത്ത റോഡിൽ ലോറി നിറുത്തി രതീഷ് പുറത്തേക്ക് ചാടുകയായിരുന്നു. ലോറിയുടെ ഹൈഡ്രോളിക് ഒായിൽ ടാങ്ക് പൊട്ടി ഒായിൽ റോഡിലേക്ക് ചോർന്ന് പറന്ന് ടാർ മിശ്രിതത്തിന്റെ ചൂടുമൂലമാണ് തീ പിടിച്ചത്. ചൂടുകാരണം ഡീസൽ ടാങ്കിൽ മർദ്ദം ഉണ്ടായി അടപ്പ് ഉൗരിത്തെറിച്ചതോടെ തീ ആളിപ്പടർന്നു. ഒാടിക്കൂടിയ നാട്ടുകാർ തീ അണയ്ക്കാൻ ഡീസൽ ടാങ്കിന്റെ ഭാഗത്തേക്ക് വെള്ളം ഒഴിച്ചതോടെ തീ കൂടുതൽ അളിപ്പടർന്നു.
അടൂർ ഫയർ സ്റ്റേഷൻ ഒാഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റുകളും പത്തനാപുരത്ത് നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീ അണച്ചത്. ലോറിയിലെ അഗ്നിശമന സംവിധാനം പ്രവർത്തനക്ഷമമല്ലായിരുന്നു. റോഡിൽ നൂറ് മീറ്ററോളം പരന്ന ഒായിലിൽ തെന്നി ലോറിയുടെ പിന്നാലെ വന്ന ഒരു പിക്ക് അപ് വാനും രണ്ട് സ്കൂട്ടറും സമീപത്തെ ഒാടയിലേക്ക് തെന്നിമാറുകയും ചെയ്തു. നാട്ടുകാർ സമീപത്തെ തടിമല്ലിലെ അറക്കപ്പൊടി വിതറിയാണ് തെന്നൽ ഒഴിവാക്കിയത്. അടൂർ ഫയർ യൂണിറ്റിലെ അസി. സ്റ്റേഷൻ ഒാഫീസർ നിയാസുദ്ദീൻ, ഫയർ ആൻഡ് റെസ്ക്യൂ ഒാഫീസർമാരായ അരുൺജിത്ത്, പ്രദീപ്, ലിജികുമാർ, സൂരജ്, അഭിലാഷ്, സജാദ്, ഹോം ഗാർഡുമാരായ അനിൽകുമാർ, ശ്രീകുമാർ, വേണുഗോപാൽ എന്നിവരും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.