turisam-
കോന്നി ആനക്കൂട്, അടവി ,ഗവി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടവിയിലെ പൂത്തോട്ടത്തിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

കോന്നി: ആനക്കൂട്, അടവി ,ഗവി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികൾ വിപുലീകരിക്കാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വനം, ടൂറിസം, വൈദ്യുതി വകുപ്പ് മന്ത്രിമാർ കോന്നിയിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് നടത്താൻ പോകുന്ന യോഗത്തിന്റെ മുന്നോടിയായി എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിലാണ് നിലവിലുള്ള പദ്ധതികളുടെ വിപുലീകരണത്തിന് തീരുമാനമായത്. അടവി കേന്ദ്രമാക്കി അഭയാരണ്യം പദ്ധതി നടപ്പിലാക്കും. മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രം സ്ഥാപിക്കും. കൂടാതെ റോപ്പ് വേ, കേബിൾ കാർ, ഉദ്യാനം തുടങ്ങിയവയും നിർമ്മിക്കും. കോന്നി ഡി.എഫ്.ഒ ഇതിനവശ്യമായ പദ്ധതി തയാറാക്കും. അടവിയിൽ മൂന്ന് ഡി തിയറ്റർ സ്ഥാപിക്കും. സഞ്ചാരികൾക്ക് കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ താമസിക്കാൻ ശീതീകരിച്ച മുറികൾ സജ്ജമാക്കും അടവിയിൽ നിന്ന് ആലുവാംകുടി കാനനക്ഷേത്രത്തിലേക്ക് വാഹനത്തിൽ ആളുകളെ എത്തിക്കാൻ സംവിധാനമൊരുക്കും. അടവിയിലെ പൂന്തോട്ടം ആകർഷകമാക്കാൻ അടിയന്തര നടപടി സ്വീകരിക്കും.ഗവിയിൽ താമസ സൗകര്യത്തിന് 1.90 കോടി രൂപയുടെ പ്രവർത്തി നടക്കുകയാണ്. കക്കി റിസർവോയറിൽ ബോട്ടിംഗ് നടത്തുവാൻ ഫോറസ്റ്റ് ആനുവൽ വർക്കിംഗ് പ്ലാനിൽ ഉൾപെടുത്താൻ ഡി.ടി.പി.സി കരട് പദ്ധതി തയാറാക്കി റാന്നി ഡി.ഫ്.ഒയ്ക്ക് നൽകും. അടവിയിലും ഗവിയിലും കെ.എസ്.ആർ.ടി സി യുമായി ചേർന്ന് ഷോപ്പ് ഓൺ വീൽ പദ്ധതി നടപ്പിലാക്കും. ആനക്കൂട്ടിലെ പൈതൃക മ്യൂസിയം അനുയോജ്യമായ പുതിയ കെട്ടിടത്തിൽ സജ്ജീകരിക്കുന്നതിന് ആർക്കിയോളജി- മ്യൂസിയം- വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. ആലുവാങ്കുടിയുടെയും കൊച്ചുപമ്പയുടേയും ടൂറിസം സാദ്ധ്യതകള്‍ പരിശോധിക്കുന്നതിനുള്ള വിദഗ്ധ പഠനം നടത്തും.യോഗത്തിൽ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പന്‍, സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രമോദ്, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ ,റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശര്‍മ്മ, കോന്നി ഡി.എഫ്.ഒ ആയുഷ്‌കുമാര്‍ ,ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്,ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാൻഡ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരായ ഡോ.അനുപമ, എസ്.രഘു, കോന്നി ടൂറിസം സൊസൈറ്റി സെക്രട്ടറി ഗോകുൽ, പ്രസിഡന്റ് ബിനോജ് എസ് നായർ,കെ. എഫ്.ഡി.സി -വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.