kadhakali
ദേവനന്ദ

തിരുവല്ല: പാരമ്പര്യത്തിന്റെ പകിട്ടിൽ ദേവനന്ദ കഥകളിയിൽ ഒന്നാമതെത്തി. ശ്രീവല്ലഭ നടയിൽ കഥകളിയിൽ കീർത്തികേട്ടിരുന്ന കണ്ണൻചിറ രാമൻപിള്ള, കൃഷ്ണപിള്ള എന്നീ സഹോദരങ്ങളുടെ കുടുംബത്തിലെ ഇളംതലമുറയിൽപെട്ട ദേവനന്ദയാണ് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥകളിയിൽ ആടിത്തിമിർത്തത്. ദുര്യോധനവധത്തിലെ കൃഷ്ണനെയാണ് അവതരിപ്പിച്ചത്. പഞ്ചാലി വസ്ത്രാക്ഷേപത്തിന് ശേഷം കൃഷ്ണൻ പാഞ്ചാലിയെ സമാധാനിപ്പിക്കുന്നതായിരുന്നു കഥാസന്ദർഭം. തിരുവല്ല ദേവസ്വംബോർഡ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് കെ.ജി.സുനിൽകുമാറിന്റെയും ഗ്രാമപഞ്ചായത്ത് മെമ്പറായ മായാദേവിയുടെയും മകളായ ദേവനന്ദ, ഏഴ് വർഷമായി കലാനിലയം വിനോദ് കുമാറിന്റെ ശിക്ഷണത്തിലാണ് കഥകളി അഭ്യസിക്കുന്നത്.