ശബരിമല : കെ.എസ്.ആർ.ടി.സി പമ്പ -നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് സർവകാല നേട്ടം. മണ്ഡലകാലം തുടങ്ങി ഇന്നലെ ഉച്ചവരെ 6,79,68,884 രൂപയുടെ കളക്ഷനാണ് നേടിയത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള (17.5 കിലോമീറ്റർ) ചെയിൻ സർവീസിലൂടെ മാത്രം 10,93,716 പേരാണ് ശബരിമലയിൽ എത്തിയത്. നിലയ്ക്കൽ പമ്പ 171 ചെയിൻ സർവീസുകൾ, നാൽപതോളം കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ, പഴനി, തെങ്കാശി, കോയമ്പത്തൂർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 18 അന്തർ സംസ്ഥാന സർവീസുകൾ, പമ്പയിൽ നിന്ന് വിവിധ ക്ഷേത്രങ്ങളിലേക്ക് സ്‌പെഷ്യൽ സർവീസുകൾ എന്നിവ നടത്തിവരുന്നു. അടുത്ത ഒരാഴ്ചയ്ക്കകം ചെന്നൈ, മധുര സർവീസുകളും ആരംഭിക്കുന്നതോടെ വരുമാനം കൂടുമെന്നാണ് പ്രതീക്ഷ.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കണ്ടക്ടർ ഇല്ലാത്ത സർവീസുകളാണ് നിലയ്ക്കൽ നിന്ന് പമ്പയിലേക്കും തിരിച്ചും സർവീസ് നടത്തുന്നത്. ഇതിനായി നിലയ്ക്കലിലും പമ്പയിലും 10 പ്രത്യേക കൗണ്ടറുകൾ വീതം തയ്യാറാക്കിയിട്ടുണ്ട്. സ്വാമിമാർക്ക് കൗണ്ടറിൽ നിന്ന് ടിക്കറ്റ് മുൻകൂറായി വാങ്ങി യാത്ര ചെയ്യാം. ചെങ്ങന്നൂർ, എരുമേലി, കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്ന് കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ നിലയ്ക്കലിലേക്ക് നടത്തുന്നുണ്ട്. നിലയ്ക്കൽ പമ്പ എ.സി ബസുകൾക്ക് 80 രൂപയും മറ്റ് എല്ലാ സർവീസുകൾക്കും 50 രൂപയുമാണ് നിരക്ക്.