തിരുവല്ല : ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം നവംബർ മാസത്തിൽ ആഘോഷിച്ചു വരുന്ന ആന്റി മൈക്രോബിയൽ ബോധവത്കരണം ബിലീവേഴ്‌സ് ആശുപത്രി വിവിധ പരിപാടികളോടെ ആഘോഷിച്ചു. മൈക്രോബയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികളിലൂടെ ആന്റി ബയോട്ടിക്കുകൾ മെഡിക്കൽ നിർദ്ദേശങ്ങൾക്കനുസരിച്ച് കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിന് കൃത്യമായ അവബോധം നൽകി. ബോധവത്കരണ പരിപാടികൾക്ക് തിരുവല്ലയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ സ്‌കൂളുകൾ വേദിയായി. സ്‌കിറ്റും സെമിനാറുകളും ചർച്ചകളും കുട്ടികൾക്കെന്നപോലെ അദ്ധ്യാപകർക്കും ആന്റിബയോട്ടിക്കുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്താൻ ഉപകരിച്ചു. ആന്റിബയോട്ടിക്ക് പ്രതിരോധത്തെ ഒരുമിച്ച് പ്രതിരോധിക്കാം എന്ന വിഷയത്തിൽ നടന്ന പോസ്റ്റർ മത്സരത്തിൽ മെഡിക്കൽ , നഴ്‌സിംഗ് , വിദ്യാർത്ഥികളും ക്ലിനിക്കൽ ഫാർമസിസ്റ്റുകളും ലാബ് ജീവനക്കാരും ഉൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്തു. വെർച്വൽ വേദിയിൽ നടന്ന ക്വിസ് മത്സരത്തിൽ നൂറ്റമ്പതോളം പേർ മത്സരാർത്ഥികളായി. വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ്സ് വിഭാഗം മേധാവി ഡോ നെറ്റോ ജോർജ് മുണ്ടാടൻ മുഖ്യാതിഥിയായി പങ്കെടുത്ത് ആന്റി മൈക്രോബിയൽ ചികിത്സയെപ്പറ്റി പ്രഭാഷണം നടത്തി.ആശുപത്രി ഡയറക്ടറും സി.ഇ.ഒ യുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര, മൈക്രോ ബയോളജി വിഭാഗം മേധാവി പ്രൊഫ.ഡോ.രേണു മാത്യു, അസോ.പ്രഫസറും ഇൻഫെക്ഷ്യസ് രോഗ വിഭാഗം കൺട്രോൾ ഓഫീസറുമായ പ്രൊഫ.ഡോ.റീനാ ആനി ജോസ്, ക്ലിനിക്കൽ ഫാർമസി വിഭാഗം മേധാവി ഡോ.ഗ്രേസ് മേരി ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്വിസ്, പോസ്റ്റർ മത്സര വിജയികളായവർക്ക് സമാപനച്ചടങ്ങിൽ വച്ച് സമ്മാനം നൽകി.