ചെങ്ങന്നൂർ: ശബരീശ ദർശനത്തിനായി ട്രെയിനിൽ ചെങ്ങന്നൂരിലെത്തുന്ന തീർത്ഥാടകരെ കച്ചവടക്കാർ കൊടിയ ചൂഷണത്തിന് ഇരയാക്കുന്നു. ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷന് സമീപവും പരിസര പ്രദേശങ്ങളിലും ഭക്ഷണത്തിന് തോന്നിയ വിലയാണ് തീർത്ഥാടകരിൽ നിന്ന് ഈടാക്കുന്നത്. തീർത്ഥാടനം തുടങ്ങിയ ശേഷം ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ്, ആരോഗ്യ വിഭാഗങ്ങളുടെ പരിശോധന കൃത്യമായി നടക്കുന്നില്ല, തീർത്ഥാടനത്തിന് മുന്നോടിയായിത്തന്നെ ഭക്ഷണസാധനങ്ങളുടെ വില വിവരം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. എന്നാൽ മിക്ക ഹോട്ടലുകളിലും തോന്നിയ വിലയാണ് ഈടാക്കുന്നത്.

ചായയ്ക്ക് 15, വടയ്ക്ക് 20 രൂപ


ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ ഹോട്ടലുകളിൽ ഒരു ചായയ്ക്ക് 15 രൂപയും, ഒരു വടയ്ക്ക് 20 രൂപയുമാണ് വില. സമീപത്തെ ചില ഉപ്പേരി കടകളടക്കമുള്ളവയും തീർത്ഥാടകരിൽ നിന്ന് കൊള്ള വിലയാണ് ഈടാക്കുന്നത്. അരക്കിലോ ഉപ്പേരിക്ക് 350 രൂപയാണ് ഈടാക്കുന്നത്. ഭക്ഷ്യസാധനങ്ങൾ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് തയ്യാറാക്കുന്നത്. ഊണിന് 140 രൂപ വരെ വാങ്ങുന്ന ഹോട്ടലുകളുണ്ട്. ഹൈന്ദവ സംഘടനകളും, അയ്യപ്പസേവാ സംഘവും മറ്റും ഉച്ചയ്ക്ക് ഭക്ഷണം നൽകുന്നത് മാത്രമാണ് തീർത്ഥാടകർക്ക് ആശ്വാസം.

വിലവിവര പട്ടികയില്ല
തീർത്ഥാടനം തുടങ്ങിയതിന് പിന്നാലെ നഗരത്തിലെ പ്രധാന ഹോട്ടലുകളിലും വില വർദ്ധിപ്പിച്ചു. ഗ്രേവിക്ക് 15 രൂപ വരെ ചില ഹോട്ടലുകൾ ഈടാക്കുന്നുണ്ട്. തീർത്ഥാടനത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിൽത്തന്നെ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് സജി ചെറിയാൻ എം.എൽ.എ. കർശന നിർദേശം നൽകിയിരുന്നതാണ്.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനച്ചുമതല ചെങ്ങന്നൂർ ആർ.ഡി.ഒ.യ്ക്കാണ് . ഏകോപനത്തിൽ താളപ്പിഴ സംഭവിച്ചതായി സംഘടനകൾ ആരോപിച്ചു. പ്രധാന ഇടത്താവളമായ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ തസ്തികയിൽ പോലും ആളില്ലാത്ത അവസ്ഥയാണ്. ക്ഷേത്ര പരിസരങ്ങളിലടക്കം നിരീക്ഷണത്തിനായി കാമറകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. ക്ഷേത്രത്തിനു സമീപം മൂലസ്ഥാനമായ കുന്നത്ത് ഇടത്താവള നിർമ്മാണവുമായി ബന്ധപ്പെട്ട് ശുചിമുറികൾ പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ പകരമായി താത്കാലിക സംവിധാനം ഒരുക്കുമെന്ന പ്രഖ്യാപനം നടപ്പായില്ല.

.ഭക്തരെ ചൂഷണം ചെയ്യുന്നതിൽ നിന്ന് ഹോട്ടലുകൾ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ശബരീശ്വര സേവാ സമിതി ഭാരവാഹികൾ പറഞ്ഞു.

തീർത്ഥാടകരെ പല വ്യാപാരികളും കൊള്ളയടിക്കുകയാമ്ണ്. കരി ഓയിലിൽ വറുത്ത പലഹാരങ്ങളാണ് നൽകുന്നത്. യാതൊരുവിധ പരിശോധനകളും നടത്തുന്നില്ല. വിലവിവരപട്ടിക പോലും പ്രദർശിപ്പിക്കാതെയാണ് കച്ചവടം നടത്തുന്നത്.

ഡി. വിജയകുമാർ

അഖിലഭാരത അയ്യപ്പസേവാസംഘം അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ