mashroom

കൊല്ലം: കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി, ഹോർട്ടി കൾച്ചർ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 100 കൂൺ ഗ്രാമങ്ങൾ ഒരുക്കുന്നു.30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സംസ്ഥാന പ്രോജക്ട് കമ്മറ്റിയുടെ അനുമതി ലഭിച്ചു. പോഷകാഹാര ഭക്ഷണമെന്ന നിലയിൽ കൂണിന്റെ മികച്ച വിപണി വിലയും സംരംഭക സാദ്ധ്യതകളുമാണ് ഇതിന് പ്രചോദനം.മികച്ച വിപണനനും മൂല്യവർദ്ധിത സംരംഭക സാദ്ധ്യതകളുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കയറ്റുമതിക്ക് സാദ്ധ്യത

ഗുണഭോക്താക്കളുടെ എണ്ണമനുസരിച്ച് സമീപ തദ്ദേശസ്ഥാപനങ്ങളാവും കൂൺ ഗ്രാമങ്ങൾ രൂപീകരിക്കുക.ഒരു യൂണിറ്റിൽ തന്നെ ചെറുകിട - വൻകിട യൂണിറ്റുകളിൽ 100 മുതൽ 150 യൂണിറ്റുകളുണ്ടാവും.കൂൺ കൃഷി,വിത്ത് ഉത്പാദനം,പാക്കിംഗ്,പ്രോസസിംഗ്,മൂല്യ വർദ്ധിത സംരംഭങ്ങൾ,വിപണന കേന്ദ്രം,മാലിന്യ സംസ്കരണം എന്നിങ്ങനെ തിരിച്ചാണ് പ്രവർത്തനം.യൂണിറ്റ് ഘടനയനുസരിച്ച് സർക്കാർ സബ്സിഡി നൽകും.വൻകിട യൂണിറ്റുകൾ ചെറുകിട യൂണിറ്റുകളിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങി വിപണി കയറ്റുമതി സാദ്ധ്യതയും കണ്ടെത്തും.തദേശസ്ഥാപനങ്ങളിലൂടെ കൂൺ ഗ്രാമങ്ങൾ രൂപീകരിക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം.

പദ്ധതി ചെലവ് - 30 കോടി

രൂപീകരിക്കുന്ന ഗ്രാമങ്ങൾ - 100

ഒരു ഗ്രാമത്തിൽ നിന്നുള്ള പ്രതിവർഷ കൂൺ ഉല്പാദനം - 4,40 ടൺ

ചെറുകിട കൂൺ ഉത്പാദക യൂണിറ്റ് -10,000

വൻകിട യൂണിറ്റുകൾ - 200

കമ്പോസ്റ്റ് യൂണിറ്റ് - 1000

വിത്ത് ഉത്പാദക യൂണിറ്റ് - 100

പ്രിസർവേഷൻ യൂണിറ്റ് - 300

പാക്ക് ഹൗസ് - 200

കൂൺ വില കിലോയ്ക്ക് - ₹ 400

ഔഷധ ഗുണവും പോഷക സമൃദ്ധവുമാണ് കൂൺ.കൂൺകൃഷി ശാസ്ത്രീയ മാർഗത്തിലൂടെ വ്യാപിപ്പിച്ച്,​തൊഴിലും വരുമാന സാദ്ധ്യതയും വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2022- 23 വർഷത്തെ പദ്ധതിയായി ഇത് നടപ്പാക്കും.

പി. പ്രസാദ്, കൃഷി മന്ത്രി