എഴുകോൺ : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ യുവ ശാസ്ത്രജ്ഞ പുരസ്ക്കാരം നേടി നാടിന് അഭിമാനമായി എഴുകോൺ സൂര്യോദയത്തിൽ ബി. സൂര്യസാരഥി. മന്ത്രാലയം സംഘടിപ്പിച്ച ഡെയർ ടു ഡ്രീം മത്സരത്തിൽ എം.വി.യു.എസ് സാങ്കേതിക വിദ്യ അവതരിപ്പിച്ചാണ് ഈ 23 കാരൻ ജേതാവായത്.
കടലിനടിയിലെ ശബ്ദ സന്ദേശങ്ങളുടെ വ്യക്തതയ്ക്ക് വേണ്ടിയുള്ളതാണ് സൂര്യ സാരഥി വികസിപ്പിച്ച മെസേജിങ് ആൻഡ് വോയ്സ് ഫോർ അണ്ടർ വാട്ടർ സിസ്റ്റംസ് (എം.വി.യു.എസ്). 20,000 രൂപ മാത്രമാണ് ചെലവായതെന്ന സവിശേഷതയും ഈ കണ്ടുപിടിത്തത്തിനുണ്ട്.
കോഴിക്കോട് എൻ.ഐ.ടി.യിൽ നിന്ന് എൻജിനീയറിംഗ് ഫിസിക്സ് ബിരുദധാരിയായ സൂര്യ സാരഥി, മൂന്ന് വർഷത്തോളം പരിശ്രമിച്ചാണ് ഈ നേട്ടത്തിലെത്തിയത്. നേവിയടക്കമുള്ള സൈനിക മേഖലയിലും സമുദ്രാന്തർഭാഗ പഠന പര്യവേഷണങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്ന മികച്ച സാങ്കേതിക വിദ്യയായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.
നാലുലക്ഷത്തിന്റെ പുരസ്കാരം
പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ ഉദ്ഘാടനം ചെയ്ത ഡിഫൻസ് എക്സ്പോയിൽ വച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ആണ് നാലു ലക്ഷം രൂപ സമ്മാനത്തുകയുള്ള പുരസ്ക്കാരം സൂര്യ സാരഥിക്ക് സമ്മാനിച്ചത്.
സൂര്യ സാരഥിയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ലേസർ ചോപ്പർ എന്ന ഉപകരണത്തിന്റെ പേറ്റന്റിനായുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്. ലേസർ രശ്മികളെ ആവശ്യാനുസരണം നിയന്ത്രിക്കാൻ കഴിയുന്നതാണ് ചോപ്പർ. ഹൈദരാബാദിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ സൈബർ സെക്യൂരിറ്റി വിഭാഗത്തിലാണ് സൂര്യ സാരഥി ഇപ്പോൾജോലിനോക്കുന്നത്. അടുത്തു തന്നെ ഉപരി പഠനത്തിന് ജർമ്മനിയിലേക്ക് പോകും.
ബിസിനസുകാരനായ സി.ബാലാർക്കന്റെയും എഴുകോൺ ഇ.എസ്.ഐ ആശുപത്രി ഹെഡ് നഴ്സ് ഷീജാ മണിയുടെയും മകനാണ്. ഡോ.ബി. സൂര്യതംബുരു സഹോദരനാണ്.