
കൊല്ലം: പുതിയ തലമുറയുടെ മസ്തിഷ്കത്തെ മന്ദീഭവിപ്പിക്കാൻ ആഗോള ലഹരി മാഫിയ പിടി മുറുക്കിയിരിക്കുന്നുവെന്നും ഇതിനെതിരെ വിദ്യാർത്ഥി ലോകവും രക്ഷകർത്താക്കളും ജാഗ്രത പുലർത്തണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കണ്ണനല്ലൂർ പബ്ലിക് ലൈബ്രറിയുടെ ഈ വർഷത്തെ പ്രതിഭാ സംഗമവും മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി പ്രസിഡന്റ് എ.അബൂബക്കർ കുഞ്ഞ് അദ്ധ്യക്ഷനായി. വിവിധ രംഗങ്ങളിൽ പ്രാഗത്ഭ്യം നേടിയ ആറുപേരെ പ്രശസ്തിപത്രം നൽകി എം.പി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 100 പേർക്ക് പി.സി വിഷ്ണുനാഥ് എം.എൽ.എ, എം.നൗഷാദ് എം.എൽ.എ എന്നിവർ അവാർഡ് വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ വിജയികളെ അനുമോദിച്ചു. സ്വാതന്ത്ര്യദിനാഘോഷ മത്സരങ്ങളിൽ വിജയികളായവർക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.എസ്.പ്രസന്നകുമാർ സമ്മാനം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോധ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷാനിഫ, വാർഡ് മെമ്പർ സജാദ് സലിം, അൻസാർ വിളയിൽ, ഐ.അനീഷ്, ഗോപിക ഗോപൻ, ഡോ.നജ, ഡോ,ശില്പ മോഹൻ, ഇ.സെയ്‌ഫുദ്ദീൻ, എം.ഹാജിറ ഉമ്മ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ ഖരീം സ്വാഗതവും ജോയിൻ സെക്രട്ടറി പി.ഷിജാർ നന്ദിയും പറഞ്ഞു.