phot
കല്ലടയാറ്റിലെ കുളിക്കടവ് കാട് കയറി നശിച്ച നിലയിൽ

പുനലൂർ: പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തെ പുനലൂർ ബോയിസ് ഹൈസ്കൂളിന് സമീപത്ത് കൂടി ഒഴുകുന്ന കല്ലടയാർ തീരത്തെ കുളിക്കടവ് തുറന്നു നൽകണമെന്ന ആവശ്യം ശക്തമായി.

ശബരിമല തീർത്ഥാടകർക്ക് മാത്രമല്ല,​ പ്രദേശവാസികളായ നൂറ്കണക്കിന് ആളുകൾ ദിവസേന ഉപയോഗിച്ചുകൊണ്ടിരുന്ന കുളിക്കടവാണ് റെയിൽവേ അധികൃതർ നാല് വർഷംമുമ്പ് അടച്ചത്. പുനലൂർ-ചെങ്കോട്ട പാതയിലെ ബ്രോഡ് ഗേജ് മറ്റവുമായി ബന്ധപ്പെട്ട ജോലികൾക്കിയിൽ ഇരുമ്പ് പാളം ഉപയോഗിച്ച് കല്ലടയാറ്റിലേക്ക് ഇറങ്ങുന്ന വഴി അടയ്ക്കുകയായിരുന്നു.

ശബരിമല സീസണിൽ അയ്യപ്പഭക്തരും അല്ലാത്തപ്പോൾ നാട്ടുകാരും തൊഴിലാളികളും യഥേഷ്ടം ഉപയോഗിച്ചുവന്നിരുന്ന കുളിക്കടവ് വേലി കെട്ടി അടച്ചതോടെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന്

ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ ഇതിനെതിരെ ശബ്ദമുയർത്തിയിട്ടും

റെയിൽവേ അധികൃതർ ചെവിക്കൊണ്ടില്ല.

കാൽ നൂറ്റാണ്ട് മുമ്പ് നഗരസഭയുടെ നിയന്ത്രണത്തിൽ കല്ലടയാറ്റിലെ കുളിക്കടവിലേക്ക് ഇറങ്ങാൻ ചവിട്ടുപടികളും നിർമ്മിച്ചിരുന്നു. എന്നാൽ,​ സമീപത്തെ റെയിൽവേ പാലത്തിന്റെ ജാക്കറ്റിങ്ങിനായി എടുത്ത മണ്ണിട്ട് ഈ പടികളിൽ നികത്തുകയായിരുന്നു. പ്രതിഷേധത്തെത്തുടർന്ന് പടികളിലെ മണ്ണ് നീക്കുമെന്ന് കരാറുകാർ നാട്ടുകാർക്ക് ഉറപ്പു നൽകിയെങ്കിലും അത് പാലിക്കപ്പെട്ടില്ല.

അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർത്ഥാടകർ കുളിക്കടവിൽകുളിച്ച് വിശ്രമിച്ച ശേഷമായിരുന്നു യാത്ര തുടർന്നിരുന്നത്.

കടുത്ത വേനലിൽ പ്രദേശവാസികൾക്ക് വലിയ ആശ്വാസവുമായിരുന്നു.

കളിക്കടവും സമീപ പ്രദേശങ്ങളും കാടു മൂടി ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി മാറിയിട്ടുണ്ട് .ഇതിന് എതിർ വശത്തെ മുഹൂർത്തിക്കാവിനോട് ചേർന്ന കുളിക്കടവും ഗേജ് മാറ്റജോലികൾക്കിടെ നശിപ്പിക്കപ്പെട്ടു.

എൻ.കെ.പ്രേമചന്ദ്രൻ എം.പിയടക്കമുളളവർ നശിപ്പിച്ച കുളികടവ് സന്ദർശിച്ചിരുന്നു. എന്നാൽ,​ റെയിൽവേയുടെ കടുത്ത നിലപാടിനെ തുടർന്ന് ഇരുകുളിക്കടവും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. സമീപത്തെ ടി.ബി.ജംഗ്ഷനിലെ സ്‌നാന ഘട്ടത്തിന്റെ നവീകരണ ജോലികൾ അനന്തമായി നീണ്ട് പോകുന്നത് കാരണം പുനലൂർ വഴിയെത്തുന്ന ശബരിമല തീർത്ഥാടകർ കുളിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. ഇതിന് പരിഹാരം ഉണ്ടാകണമെന്നാവശ്യം വർഷങ്ങളായി ഉയർന്നിട്ടും പരിഹാരം നീണ്ടുപോകുകയാണ്.