
കൊല്ലം : സംസ്ഥാന സ്‌കൂൾ കായികമേളയുടെ മുന്നോടിയായുള്ള 19ാം റവന്യൂ ജില്ലാ സ്‌കൂൾ കായികമേള 4 മുതൽ 6 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 4ന് രാവിലെ 10ന് എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഡോ. പി.കെ.ഗോപൻ അദ്ധ്യക്ഷനാകും. ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്. ഏണസ്റ്റ് മുഖ്യസന്ദേശം നൽകും. 6ന് വൈകിട്ട് 3.30ന് സമാപനസമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ കായിക വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ എസ്. സവിതാദേവി അദ്ധ്യക്ഷയാകും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ സമ്മാനദാനം നിർവഹിക്കും.
12 ഉപജില്ലകളിൽ നിന്ന് 2500 ൽപ്പരം കായികതാരങ്ങൾ പങ്കെടുക്കും. സബ് ജൂനിയർ വിഭാഗത്തിൽ പത്ത് ഇനം മത്സരങ്ങളും ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് 19 ഇനം മത്സരങ്ങളുമാണ് നടത്തുന്നത്. ആൺകുട്ടികളുടെ വിഭാഗത്തിൽ 6 കിലോമീറ്ററും പെൺകുട്ടികൾക്ക് 4 കിലോമീറ്ററും ക്രോസ് കൺട്രി മത്സരവും ഉണ്ടായിരിക്കും. പൊലീസ്, ആരോഗ്യവകുപ്പ്, കൊല്ലം കോർപ്പറേഷൻ, കേരളാ വാട്ടർ അതോറിട്ടി, ജില്ലാ സ്പോർട്‌സ് കൗൺസിൽ എന്നിവയുടെ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജെ. ഇന്ദിരാകുമാരി, ജില്ലാ സ്പോർട്‌സ് കോ ഓർഡിനേറ്റർ മുഹമ്മദ് റാഫി, ജില്ലാ സ്പോർട്‌സ് ആൻഡ് ഗെയിംസ് സെക്രട്ടറി എസ്. പ്രദീപ് കുമാർ എന്നിവർ അറിയിച്ചു.