
കൊല്ലം: അവശ്യ സാധനങ്ങളുടെ തീവ്ര വിലക്കയറ്റത്തിൽ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ സർക്കാർ നോക്കുത്തിയായെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ട്രേറ്റിനുള്ളിൽ കലം കമഴ്ത്തൽ പ്രതിഷേധം നടത്തി. കളക്ട്രേറ്റ് വരാന്തയിൽ പ്രകടനവുമായി മുദ്രാവാക്യം മുഴക്കി യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ ജനപ്രതിനിധികൾക്ക് മുന്നിൽ കലം കമഴ്ത്തി പ്രതിഷേധിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.പിണറായി സർക്കാരിന് ജനക്ഷേമ വിഷയങ്ങളിൽ താല്പര്യമില്ലാതായിമാറിയത്തിന്റെ പ്രഥമ ഉദാഹരണമാണ് വിലക്കയറ്റം പിടിച്ചു നിർത്താനുള്ള നടപടികൾ സ്വീകരിക്കാത്തതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു, കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ, ഉല്ലാസ് ഉളിയക്കോവിൽ, അർഷാദ് മുതിരപറമ്പ് , അജു ചിന്നക്കട,വിനിൽ മുളങ്കാടകം, സുജിത്ത്, സുൽഫി, റമീസ് തുടങ്ങിയവർ നേതൃത്വം നൽകി.