കൊല്ലം: കേരളകൗമുദിയും എക്സൈസ് വകുപ്പും ചേർന്ന് കൊട്ടാരക്കര മൈലം എം.ജി.എം റസിഡൻഷ്യൽ പബ്ളിക് സ്കൂളിൽ സംഘടിപ്പിച്ച 'ലഹരി മുക്ത കേരളം' സെമിനാർ വേറിട്ട അനുഭവമായി.

പതിവ് ക്ളാസുകളിൽ നിന്ന് വ്യത്യസ്തമായി ലഹരിക്കെതിരെ നൃത്തവും മറ്റ് കലാ പരിപാടികളും മനുഷ്യശൃംഖലയും കഞ്ചാവും മയക്കുമരുന്നുകളും പ്രതീകാത്മകമായി കത്തിക്കുന്നതും ഉൾപ്പെടെ മൂന്ന് മണിക്കൂർ നീണ്ട പരിപാടികൾ കുട്ടിക്കൂട്ടത്തിന് ആവേശമായി.

കുടുംബബന്ധങ്ങളിലെ താളപ്പിഴകൾ, കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾക്കുള്ള ഉത്തരവാദിത്തക്കുറവ്, ചീത്തക്കൂട്ടുകെട്ടുകൾ, പ്രലോഭനങ്ങളിലൂടെ ലഹരിയുടെ ഉന്മാദ സുഖങ്ങളിലേക്കുള്ള കടന്നുവരവ് എന്നിവയിലൂടെയാണ് വിഷയാവതാരകൻ കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ.സഹദുള്ള കടന്നുപോയത്.

പുകവലിയും മദ്യപാനവും തുടങ്ങി പതിയെ മാരക ലഹരിയുടെ ഉപയോഗത്തിലേക്ക് കടക്കുന്ന കൗമാരക്കാരെ ഉദാഹരണങ്ങൾ സഹിതം ചൂണ്ടിക്കാട്ടി. മാരക മയക്കുമരുന്നുകളുടെ ഉപയോഗത്തിലൂടെയുണ്ടാകുന്ന വിപത്തുകൾ, ആരോഗ്യ- മാനസിക പ്രശ്നങ്ങൾ അങ്ങിനെ ഓരോന്നും വിവരിച്ചപ്പോൾ കണ്ണും കാതും കൂർപ്പിച്ചാണ് വിദ്യാർത്ഥികൾ അവ ഉൾക്കൊണ്ടത്. വിദ്യാലയത്തിന്റെ ചുറ്റുവട്ടങ്ങളിൽ പതിയിരിക്കുന്ന ലഹരി മാഫിയകളെയും അവരുടെ വലയിൽ അകപ്പെട്ട കൂട്ടുകാരെയും പറ്റി പറയുകയും ലഹരിയുടെ ചങ്ങല പൊട്ടിക്കാനുള്ള ഉപദേശങ്ങളുമൊക്കെയായി സെമിനാറിനപ്പുറം ബോധവത്കരണ ക്ളാസ് നീണ്ടു.

ഉള്ളിലൊരു കനലെരിയുംപോലെ സൂക്ഷിച്ചുവച്ചിരുന്ന ചോദ്യങ്ങളാണ് ആൺകുട്ടികളും പെൺകുട്ടികളും മത്സരിച്ച് ചോദിച്ചത്. ഓരോന്നിനും കൃത്യമായ ഉത്തരം നൽകാൻ എക്സൈസ് സി.ഐയ്ക്ക് കഴിഞ്ഞു. എം.ജി.എം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.

പ്രിൻസിപ്പൽ എസ്.നിഷ, അദ്ധ്യാപിക ആൻ ജോർജ്, പ്രോഗ്രാം കോ-ഓഡിനേറ്റർ രാധ സുരേന്ദ്രൻ, കേരളകൗമുദി റിപ്പോർട്ടർമാരായ കോട്ടാത്തല ശ്രീകുമാർ, ശശികുമാർ കൊട്ടാരക്കര,​ വിദ്യാർത്ഥി പ്രതിനിധി മറിയം ജേക്കബ് എന്നിവർ സംസാരിച്ചു. അഞ്ചാം ക്ളാസ് വിദ്യാർത്ഥിനി അൻഷിക നായരാണ് ലഹരിക്കെതിരെ നൃത്തച്ചുവടുകൾ വച്ചത്. തുടർന്ന് വിദ്യാർത്ഥികളെ സ്കൂളിന്റെ പ്രവേശന കവാടത്തിന് മുന്നിലെത്തിച്ച് മനുഷ്യശൃംഖലയൊരുക്കി. ലഹരി വസ്തുക്കൾക്കും മയക്കുമരുന്ന് മാഫിയകൾക്കും വിദ്യാലയ കവാടത്തിനകത്തേക്ക് പ്രവേശിക്കാനാകാത്ത വിധത്തിലാണ് കുട്ടികൾ ആവേശത്തോടെ ശൃംഖല തീർത്തത്. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കൂട്ടിയിട്ട് കത്തിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ എ.ഷിലു, വിമുക്തി കോ- ഓഡിനേറ്റർ കൃഷ്ണരാജ് എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികളും ഇതിൽ പങ്കാളികളായി. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്താണ് പരിപാടികൾ സമാപിച്ചത്.

ലഹരി മാഫിയ ചുറ്റുമുണ്ട്, ജാഗ്രത

വേണം: ജി.ഡി.വിജയകുമാർ

കേരളകൗമുദി കാലഘട്ടത്തിന്റെ ദൗത്യമേറ്റെടുത്താണ് ലഹരി വിരുദ്ധ പോരാട്ടത്തിൽ സജീവമായതെന്ന് കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ പറഞ്ഞു. വിദ്യാലയത്തിനകത്തും പുറത്തുമായി ലഹരി മാഫിയകളുടെ കണ്ണികളുണ്ട്. കഠിനാധ്വാനമില്ലാതെ കോടികളുടെ ബിസിനസ് നടത്തുന്നവരാണ് ലഹരി മാഫിയകൾ. കുട്ടികൾക്ക് മിഠായി രൂപത്തിലും ബബിൾഗം രൂപത്തിലുമടക്കം മയക്കുമരുന്നുകൾ നൽകിയാണ് ഇവർ തങ്ങളിലേക്ക് അടുപ്പിക്കുന്നത്. മയക്കുമരുന്ന് ഉത്പന്നങ്ങളിലൂടെ അഡിക്ഷനായ കുട്ടികളെ പിന്നീട് മാരക മയക്കുമരുന്ന് ഉപയോഗിക്കാൻ ശീലിപ്പിക്കുന്നു. കുട്ടികളെ ഉപയോഗിച്ചുതന്നെ മറ്റ് കുട്ടികളിലേക്ക് വില്പനയ്ക്കുള്ള വഴികളൊരുക്കുകയാണ് സംഘം. പൊലീസും എക്സൈസും കുട്ടികളെ കുറ്റവാളികളായി കണക്കുകൂട്ടുകയോ ശ്രദ്ധിക്കുകയോ ചെയ്യില്ലെന്ന ചിന്തയിലാണ് മാഫിയകൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നത്. മാതാപിതാക്കളോ അദ്ധ്യാപകരോ പറഞ്ഞാൽ കേൾക്കാത്ത കുട്ടികളെയാണ് ആദ്യം വലയിൽ വീഴ്ത്തുക. മാരക മയക്കുമരുന്നിന് അടിപ്പെട്ടാൽ പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ല. മാനസിക രോഗികളായി മാറും. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും. കുടുംബബന്ധങ്ങളും ശിഥിലമാകും. രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും നല്ല നിലയിൽ ജാഗ്രത കൈവരേണ്ട സമയമാണിപ്പോൾ. നമ്മുടെ കുട്ടികളെ നിരീക്ഷിക്കണം, അവരുടെ പ്രവർത്തനങ്ങളിൽ വരുന്ന ചെറിയ മാറ്റങ്ങളും ശ്രദ്ധിക്കണം. ലഹരിക്ക് അടിപ്പെടാത്ത പുതിയ തലമുറയെ വാർത്തെടുക്കാൻ നമുക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.