
കൊല്ലം: നഗര ഭരണം നരക ഭരണമായി മാറിയിരിക്കുകയാണെന്ന് കെ.പി.സി.സി പ്രചരണ സമിതി അദ്ധ്യക്ഷൻ കെ.മുരളീധരൻ എം.പി പറഞ്ഞു. കോർപറേഷനിലെ സാർവത്രിക അഴിമതികൾക്ക് എതിരെയും കുടുംബശ്രീ യൂണിറ്റുകളിലെ സാമ്പത്തിക തട്ടിപ്പുകൾ വിജിലൻസ് അന്വേഷിക്കുക, വ്യാജ ഒപ്പിട്ട് പണം തട്ടിയ എല്ലാ ഉദ്യോഗസ്ഥൻമാരെയും സസ്പെൻഡ് ചെയ്യുക, മേയറുടെ ഓഫീസിലുണ്ടായ തീപിടുത്തം സമഗ്രമായി അന്വേഷിക്കുക, തകർന്ന് കിടക്കുന്ന റോഡുകൾ അടിയന്തരമായി നന്നാക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാവപ്പെട്ട സ്ത്രീകളുടെ കുടുംബശ്രീ ഫണ്ടിൽ നിന്ന് പോലും ലക്ഷങ്ങൾ അടിച്ച് മാറ്റി കീശ വീർപ്പിക്കുന്ന സി.പി.എമ്മുകാർ പൊതു സമൂഹത്തിന് മുന്നിൽ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.കൊല്ലം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, എ.ഐ.സി.സി അംഗം ബിന്ദുകൃഷ്ണ, കെ.പി.സി.സി എക്സി.അംഗം എ.ഷാനവാസ്ഖാൻ, നേതാക്കളായ എ.കെ.ഹഫീസ്, പി.ജർമ്മിയാസ്, സൂരജ് രവി, കെ.ബേബിസൺ, എസ്. വിപിനചന്ദ്രൻ, കൃഷ്ണവേണി ശർമ്മ, ഡി.ജോർജ്ജ് കാട്ടിൽ, എൻ.ഉണ്ണികൃഷ്ണൻ, അൻസർ അസീസ്, വാളത്തുംഗൽ രാജഗോപാൽ, എസ്.ശ്രീകുമാർ, എം.എം.സഞ്ജീവ് കുമാർ, ആദിക്കാട് മധു, സേതുനാഥപിള്ള, ചിറ്റുമൂല നാസർ, ആനന്ദ് ബ്രഹ്മാനന്ദ്, എം.നാസർ, കുഴിയം ശ്രീകുമാർ, ചവറ ഗോപകുമാർ, ഗീത ശിവൻ, ബിജു ലൂക്കോസ്, അഭിലാഷ് കുരുവിള, യു.വഹീദ തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് സുനിൽജോസ്, സുമി, ഹംസത്ത് ബീവി, ശ്രീദേവി അമ്മ, ആർ.എസ്.അബിൻ, ശാന്തിനി ശുഭദേവൻ, ലൈലകുമാരി, കെ.ബി.ഷഹാൽ തുടങ്ങിയവർ നേതൃത്വം നൽകി.