gandhi-
ഗാന്ധിഭവനിൽ വിവാഹിതരായ നവദമ്പതികൾ മന്ത്രി ജെ. ചിഞ്ചുറാണിക്കും ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനുമൊപ്പം

പത്തനാപുരം : പത്തനംതിട്ട ജില്ലയിലെ സീതത്തോട്, അട്ടത്തോട്, ളാഹ ആദിവാസി ഊരുകളിലെ ഗോത്രസമുദായത്തിൽപ്പെട്ട 20 യുവതികളുടെ മാംഗല്യം ഗാന്ധിഭവനിൽ നടന്നു. പനിനീര് തളിച്ചും പുഷ്പവൃഷ്ടി നടത്തി, താലപ്പൊലിയേന്തിയുമാണ് ഗാന്ധിഭവൻ കുടുംബാംഗങ്ങൾ ഇവരെ സ്വീകരിച്ചത്. വിവിധ ഊരുകളിലെ മൂപ്പൻമാരും അവരുടെ കുടുംബവും ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ വിവാഹചടങ്ങിനായി ഗാന്ധിഭവനിലെത്തിയിരുന്നു.
മന്ത്രി ജെ.ചിഞ്ചുറാണി വിവാഹചടങ്ങുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരുപത് വരന്മാർക്കും താലി എടുത്തു നൽകിയതും മന്ത്രിയാണ്. ഗാന്ധിഭവൻ കുടുംബാംഗങ്ങളെയും സേവനപ്രവർത്തകരെയും ഊരുനിവാസികളേയും സാക്ഷിനിർത്തി ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ വധൂവരന്മാർക്ക് കൈപിടിച്ചു നൽകുകയും ചെയ്തു.
കോന്നി സേവാകേന്ദ്രം ചെയർമാൻ സി.എസ്. മോഹനൻ, പ്രമുഖ ബിസിനസുകാരനായ ഷാജഹാൻ രാജധാനി, സാമൂഹിക പ്രവർത്തക സജിനി ബേബി, അനീഷ് ഫ്‌​ളാഷ് ആൻഡ് ഫ്രൂട്ട്‌​സ് എന്നിവർ ദമ്പതികൾ സമ്മാനങ്ങൾ നൽകി.
വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ, കോവിൽമല രാജാവ് രാമൻ രാജമന്നാൻ, ഗാന്ധിഭവൻ ട്രസ്റ്റി പ്രസന്നാ രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, ബ്ലോക്ക് മെമ്പർ ഷീജാ ഷാനവാസ്, എം.എസ്. ഭുവനേന്ദ്രൻ, കെ.ജി. രവി, കെ. ധർമ്മരാജൻ, നടുക്കുന്നിൽ വിജയൻ, ഷാജഹാൻ രാജധാനി തുടങ്ങി നിരവധി പേർ ആശംസകൾ നേർന്നു.
സർവ്വമത പ്രാർത്ഥനയോടും ലളിതമായ ചടങ്ങുകളോടും കൂടിയായിരുന്നു വിവാഹം. വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. മല്ലപ്പള്ളി ശിശുവികസന ഓഫീസർ കെ. ജാസ്മിൻ, അംഗൻവാടി അദ്ധ്യാപിക പി.കെ. കുഞ്ഞുമോൾ എന്നിവർക്ക് ഗാന്ധിഭവൻ ഗോത്രമിത്ര അവാർഡ് സമ്മാനിച്ചു.
വധൂവരന്മാർക്ക് വിവാഹത്തിനാവശ്യമായ സ്വർണ്ണം, താലി, വരണമാല്യം, വിവാഹവസ്ത്രം, സമ്മാനങ്ങൾ, യാത്രാചിലവ് എന്നിവ പ്രമുഖ ജീവകാരുണ്യപ്രവർത്തകരായ എ. ജയന്തകുമാർ, എവർമാക്‌സ് ബഷീർ, തലവടി പി.ആർ. വിശ്വനാഥൻ നായർ, അഡ്വ. രാജീവ് രാജധാനി എന്നിവർ ചേർന്നാണ് സമ്മാനിച്ചത്. ഗാന്ധിഭവൻ ഭാരവാഹികളായ പി.എസ്. അമൽരാജ്, ജി. ഭുവനചന്ദ്രൻ, വിജയൻ ആമ്പാടി, കെ. ഉദയകുമാർ, പ്രസന്ന രാജൻ, ഗോപിനാഥ് മഠത്തിൽ, അനിൽകുമാർ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.