water-leak
കൽച്ചിറ പദ്ധതിയിലെ കരീപ്രയിലെ ചോർച്ച

എഴുകോൺ : മുപ്പത്തിനാല് ലക്ഷം രൂപ ചെലവഴിച്ചിട്ടും കോട്ടേക്കുന്നിലെ കുടിവെള്ള ക്ഷാമത്തിന് പൂർണ്ണ പരിഹാരമായില്ല. 10 വർഷം മുമ്പ് 16 ലക്ഷം രൂപ ചെലവഴിച്ച് ഇവിടേക്ക് നീട്ടിയ പൈപ്പുകൾ മണ്ണിനടിയിൽ വിശ്രമിക്കുമ്പോഴാണ് പുതിയ പദ്ധതിയും നാട്ടുകാർക്ക് വേണ്ട വിധം പ്രയോജനപ്പെടാതെ പോകുന്നത്.
കരീപ്ര ഗ്രാമ പഞ്ചായത്തിലെ ചൊവ്വള്ളൂർ വാർഡിലാണ് കോട്ടേക്കുന്ന്. പട്ടികവിഭാഗക്കാർ തിങ്ങി പാർക്കുന്ന ഇവിടത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്താണ് പണം നൽകിയത്.
ഡിവിഷൻ മെമ്പർ കൂടിയായ ബ്ലോക്ക് പ്രസിഡന്റ് എം. ശിവപ്രസാദ് മുൻ കൈയെടുത്താണ് എസ്.സി. ഫണ്ടിൽ നിന്ന് തുക അനുവദിച്ചത്. നെടുമൺകാവിലുള്ള കൽച്ചിറ പദ്ധതിയിലെ വെള്ളമാണെത്തിക്കുന്നത്. റോഡരികിലെ വീടുകളിൽ മാത്രം വെള്ളം കിട്ടുന്ന സ്ഥിതിയാണിപ്പോൾ. അതും എല്ലാ ദിവസവും കിട്ടാറില്ലെന്നും നാട്ടുകാർ പറയുന്നു.

16 ലക്ഷം ചെലവിട്ടിട്ടും

തൊണ്ടനനയ്ക്കാനായില്ല


2012 - 13 ൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് തന്നെ 16 ലക്ഷം രൂപ ചെലവഴിച്ച് ബദാംമുക്കിൽ നിന്ന് കോട്ടേക്കുന്നിലേക്ക് പൈപ്പ് ലൈൻ നീട്ടിയിരുന്നു. രാജീവ് ഗാന്ധി നാഷണൽ ഡ്രിങ്കിംഗ് വാട്ടർ സ്കീമിൽ (ആർ.ജി.എൻ.ഡി.ഡബ്ല്യു.എം) ആയിരുന്നു ഇത്. എന്നാൽ,​ ഒരു ദിവസം പോലും കോട്ടേക്കുന്നിലേക്ക് വെള്ളമെത്തിക്കാനായില്ല. ബദാംമുക്ക് കാരിക്കൽ ചൊവ്വള്ളൂർ റോഡിന്റെ ഇടതു വശം കുഴിച്ചാണ് അന്ന് പൈപ്പിട്ടത്. പുതിയ പദ്ധതിക്കായി ചൊവ്വള്ളൂരിൽ നിന്ന് ഇതേ റോഡിന്റെ മറുവശം കുഴിച്ചാണ് പൈപ്പിട്ടിരിക്കുന്നത്. പഴയ പൈപ്പ് വ്യാസം കുറഞ്ഞതാണെന്നാണ് ജല വകുപ്പിന്റെ വിശദീകരണം.
കൃത്യമായ പഠനമോ സാങ്കേതിക മികവോ ഇല്ലാതെ ലക്ഷക്കണക്കിന് രൂപ കുഴിച്ചിട്ട് പാഴാക്കുന്നതിന്റെ നല്ല ഉദാഹരണങ്ങളിൽ ഒന്നാണ് കോട്ടേക്കുന്ന് കുടിവെള്ള പദ്ധതി. പഴയ പദ്ധതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ബ്ലോക്ക് പഞ്ചായത്തിലോ ജല അതോറിട്ടിയിലോ ലഭ്യമല്ലാത്ത സ്ഥിതിയുമുണ്ട്.

വെള്ളമില്ലെങ്കിലും

ബില്ല് കിട്ടുന്നുണ്ട് !

രണ്ട് മാസത്തിലേറെയായി പുതിയ പദ്ധതിയിൽ ജല വിതരണം തുടങ്ങിയിട്ട്. ഇക്കാലയളവിൽ ചില വീടുകളിൽ 1500 കി.ലിറ്ററോളം വെള്ളം കിട്ടിയപ്പോൾ മറ്റു ചിലർക്ക് ഇത് 78 കി.ലിറ്റർ മാത്രമാണ്. നൂല്‌ വണ്ണത്തിലാണ് ചില വീടുകളിൽ വെള്ളമെത്തുന്നത്. വെള്ളം കൃത്യമായി കിട്ടുന്നില്ലെങ്കിലും ബില്ല് കൃത്യമായി കിട്ടുന്നുണ്ടെന്നാണ് ഇവർ പറയുന്നത്.
വഴി നീളെ ചോർന്ന് ചോർന്ന് നേർത്ത് പോയ പദ്ധതിയാണ് കരീപ്രയിലെ കൽച്ചിറ പദ്ധതിയെന്നത് ഏറെ നാളായുള്ള ആക്ഷേപമാണ്. ചോർച്ച മാറ്റാൻ ആവശ്യമായ യാതൊന്നും ജല വകുപ്പ് അധികൃതർ ഇപ്പോൾ ചെയ്യുന്നില്ല. കരീപ്ര ഫാക്ടറി ജംഗ്ഷനിൽ തന്നെ അടുത്തടുത്ത് മൂന്ന് സ്ഥലങ്ങളിൽ വെള്ളം ചോരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇടയ്ക്കിടം കശുവണ്ടി ഫാക്ടറിക്ക് സമീപവും സമാന സ്ഥിതിയാണ്. വഴി നീളെ ചോർന്ന് ദുർബലമായ കൽച്ചിറ പദ്ധതിയിൽ നിന്ന് ഇപ്പോഴത്തെ നിലയിൽ പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ കോട്ടേക്കുന്നിലേക്ക് പൂർണ്ണ തോതിൽ വെള്ളമെത്തിക്കുന്നത് അസാദ്ധ്യമാണ്.

പദ്ധതികൾക്ക് രൂപം നൽകുന്നതിലും നടപ്പാക്കുന്നതിലും ബന്ധപ്പെട്ടവർക്കുള്ള അലംഭാവത്തിന്റെയും കാര്യക്ഷമതക്കുറവിന്റെയും ഉദാഹരണമാണ് കോട്ടേക്കുന്ന് കുടിവെള്ള പദ്ധതി. അരക്കോടി രൂപ ഇപ്പോൾ ചെലവഴിച്ചു കഴിഞ്ഞു. വെറുതെ പൈപ്പ് കുഴിച്ചിടാൻ മാത്രമായി ചെലവഴിച്ച 16 ലക്ഷം ബന്ധപ്പെട്ട വരിൽ നിന്ന് തിരിച്ചുപിടിക്കണം.


ആർ.വേണുക്കുട്ടൻ,​
വിവരാവകാശ പ്രവർത്തകൻ