lhari-

കൊല്ലം: പട്ടത്താനം കൃപ ലൈബ്രറി ആൻഡ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വടക്കേവിള പഞ്ചായത്ത് എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സ്കൂൾ എസ്.എം.സി പ്രസിഡന്റും കൃപ ലൈബ്രറി ആൻഡ് പഠനകേന്ദ്രം സെക്രട്ടറിയുമായ പട്ടത്താനം സുനിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷംല സിയാദ് അദ്ധ്യക്ഷയായി. ലഹരിയും സമൂഹവും എന്ന വിഷയത്തിൽ മുൻ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ജി.ചന്തു ബോധവത്കരണ ക്ലാസ് നയിച്ചു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് അബ്ദുൽ ജലീൽ, ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷിബു റാവുത്തർ എന്നിവർ സംസാരിച്ചു. കുട്ടികൾ കേരളപ്പിറവി സന്ദേശവും, ലഹരിവിരുദ്ധ ബോധവത്കരണ നാടകവും ലഹരിക്കെതിരെ കൈകോർക്കാം എന്ന ആശയം ഉയർത്തി പ്ലക്കാർഡുകളുമായി ജാഥയും നടത്തി. അദ്ധ്യാപകരും, ഭാരവാഹികളും, രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.സ്കൂൾ എസ്.ആർ.ജി കൺവീനർ ജെ.ഡാഫിനി നന്ദി പറഞ്ഞു.അദ്ധ്യാപികമാരായ രാജി, സബീന, ഖദീജ, അഖില എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പായസവിതരണവും നടന്നു.