 
എഴുകോൺ : ലഹരിക്കെതിരായ നീക്കങ്ങൾ വെറും ചടങ്ങ് മാത്രമാകരുതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
വിവിധ സ്കൂളുകളുടെ നാഷണൽ സർവീസ് സ്കീം, കരീപ്ര ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ നെടുമൺകാവിൽ നടന്ന ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരിയുടെ മോഹവലയത്തിൽ അകപ്പെട്ടവർ നാടിന് തന്നെ ബാധ്യതയാകും. ലഹരിക്കെതിരെ സംയുക്ത ചെറുത്തുനിൽപ്പും നാട്ടിൻപുറങ്ങളിൽ അതീവ ജാഗ്രതയും വേണം. എല്ലാ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രശോഭ അദ്ധ്യക്ഷയായി. റൂറൽപൊലീസ് സൂപ്രണ്ട് കെ.ബി.രവി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, അംഗം പ്രിജി ശശിധരൻ, ജനപ്രതിനിധികൾ, സ്കൂൾ പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കലും ദീപം തെളിക്കലും നടന്നു. തുടർന്ന് വാക്കനാട് മുതൽ നെടുമൺകാവ് വരെ മനുഷ്യചങ്ങലയും തീർത്തു.