photo
സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മന്ത്രി പി.പ്രസാദ് സംസാരിക്കുന്നു

കൊട്ടാരക്കര: കുട്ടിക്കൂട്ടം ലഹരിക്കെതിരെ ചങ്ങലയൊരുക്കിയപ്പോൾ അപ്രതീക്ഷിത അതിഥിയായി മന്ത്രിയെത്തി. സദാനന്ദപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പോരാട്ട പ്രവർത്തനങ്ങളുടെ ഇടയിലേക്കാണ് മന്ത്രി പി.പ്രസാദ് എത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചേർത്തലയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് എം.സി റോഡരികിലായി കുട്ടികൾ ലഹരി വിരുദ്ധ ചങ്ങല തീർക്കുന്നത് കണ്ട മന്ത്രി ഇറങ്ങിയത്. ചങ്ങലയ്ക്കൊപ്പം കൈ കോർത്തശേഷം അവർക്കായി ലഹരി വിരുദ്ധ സന്ദേശം നൽകി. കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ചും തമാശ പറഞ്ഞും അദ്ദേഹം വാചാലനായി. കുട്ടികൾ തിരികെ മന്ത്രിയോടും ചോദ്യങ്ങൾ ചോദിച്ചു. ചിരിക്കാനും ചിന്തിക്കാനും വക നൽകി മന്ത്രി കടന്നുപോയപ്പോൾ തങ്ങളുടെ ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആവേശമായെന്ന് കുട്ടികൾ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ടി. എസ്. ജയചന്ദ്രൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എം.എസ്.അനിത, ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. രാമചന്ദ്രൻ പിള്ള,ബിന്ദു പ്രസാദ്, ആർ. രതീഷ്,എച്ച്.എം. പ്രേം ദേവാസ് എന്നിവർ സംസാരിച്ചു.