തൊടിയൂർ: സർക്കാർ പണം വിനിയോഗിച്ച് നാട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഗുണഭോക്താക്കളായ നാട്ടുകാർ നിരീക്ഷണം നടത്തുകയും പരമാവധി ജാഗ്രത പുലർത്തുകയും വേണമെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു. പദ്ധതിപ്പണം കരാറുകാരും ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേർന്ന് വീതം വച്ച് എടുക്കാതിരിക്കുന്നതിനും, നിർദ്ദേശിക്കപ്പെട്ട തരത്തിൽ പദ്ധതി പൂർത്തീകരിക്കുന്നതിനും ഇത് അനിവാര്യമാണെന്നു അദ്ദേഹം പറഞ്ഞു.
തൊടിയൂർ പഞ്ചായത്തിലെ കല്ലേലിഭാഗം മഹാദേവർ കോളനിയിൽ പട്ടികജാതി വികസന വകുപ്പ് ഒരു കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന അബേദ്ക്കാർ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.മോഹനൻ സ്വാഗതം പറഞ്ഞു. ജില്ലാ അസി. പട്ടികജാതി വികസന ഓഫീസർ എം.അജികുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.അനിൽ എസ്.കല്ലേലിഭാഗം, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തിരവീന്ദ്രൻ,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ഗ്രാമപഞ്ചായത്തംഗം പി.ജി.അനിൽകുമാർ, കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം പ്രസിഡന്റ് എൻ.രമണൻ, നിർമ്മിതികേന്ദ്രം എക്സിക്യൂട്ടീവ് സെക്രട്ടറിയും പ്രോജക്ട് മാനേജരുമായ ഇ.കെ.ഗീതാപിള്ള എന്നിവർ സംസാരിച്ചു. ഓച്ചിറ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ഡി.മഞ്ജു നന്ദി പറഞ്ഞു.