1-

കേരളകൗമുദിയുടെ ജനപക്ഷ ഇടപെടൽ

തുടർ പ്രവൃത്തികളിൽ ഗതാഗത നിയന്ത്രണമില്ല

റോഡ് മുറിച്ചയിടം കോൺക്രീറ്റ് ചെയ്തു

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കമ്മിഷണർ ഓഫീസ് ആർ.ഒ.ബി വഴി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് ഉച്ചയോടെ പിൻവലിക്കാൻ തീരുമാനം.

പൈപ്പ് ലൈൻ റോഡ് മുറിച്ച് കടക്കുന്നയിടത്ത് ഇന്നലെ ഉച്ചയോടെ കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചു. ഗതാഗത നിയന്ത്രണത്തിലൂടെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേരളകൗമുദി തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.

ഇതേതുടർന്ന് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്, സിറ്റി പൊലീസ് എന്നിവർ ജലവിഭവ വകുപ്പുമായി നടത്തിയ ചർച്ചയിലാണ് അടിയന്തരമായി ആർ.ഒ.ബി ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. റോഡിൽ കുഴി നികത്താനായി കോൺക്രീറ്റ് ചെയ്ത ഭാഗം ഉണങ്ങാനുള്ള കാലതാമസം മാത്രമാണ് ഇനിയുള്ള കടമ്പ.

ഇന്ന് ഉച്ചയോടെ കോൺക്രീറ്റ് സെറ്റാകുമെന്നും അതിന് ശേഷം ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നുമാണ് അധികൃതർ പറയുന്നത്. നാളെ രാവിലെയോടെ ഗതാഗതം പൂർണ സജ്ജമാകും.

ഒക്ടോബർ 30ന് രാത്രി വരെയാണ് ഗതാഗത നിയന്ത്രണ മുന്നറിയിപ്പുണ്ടായിരുന്നതെങ്കിലും പണികൾ ഇഴഞ്ഞുനീങ്ങുന്നത് നിയന്ത്രണം നീട്ടാൻ കാരണമാകുമെന്ന് കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. റോഡ് മുറിച്ചുകിടക്കുന്നയിടത്ത് പണികൾ പൂർത്തിയായെങ്കിലും പാലത്തിന് സമീപം വരെ പൈപ്പുകൾ സ്ഥാപിക്കുന്നതുവരെ ഗതാഗത നിയന്ത്രണം തുടരാനായിരുന്നു ജലവിഭവവകുപ്പിന്റെ അനൗദ്യോഗിക തീരുമാനം.

റോഡിന്റെ വശങ്ങൾ കുഴിച്ച് പൈപ്പുകൾ സ്ഥാപിക്കുമ്പോൾ മുന്നറിയിപ്പ് ബോർഡുകളും പ്രവേശനവിലക്ക് റിബണുകളും സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. അതേസമയം ഡി.സി.സി ഓഫീസിന് മുന്നിൽ നിന്ന് ഡോൺബോസ്‌കോ റോഡിലേക്കുള്ള നിയന്ത്രണം തുടരും.

പൈപ്പിടൽ പൂർത്തിയായത്

 ഡി.സി.സി ഓഫീസിന് മുന്നിൽ റോഡ് മുറിച്ചുകടക്കുന്ന ഭാഗം

 ഈ ഭാഗത്തെ കോൺക്രീറ്റിംഗ്

പൂർത്തിയാകാനുള്ളത്

 ഡി.സി.സി ഓഫീസിന് മുന്നിൽ നിന്ന് കമ്മിഷണർ ഓഫീസ് റോഡിലെ പൈപ്പിടൽ

 കോൺക്രീറ്റിംഗ്

 പരീക്ഷണ പമ്പിംഗ്

ചിന്നക്കട റൗണ്ട് ഇനിയും കറക്കും!

ക്ളോക്ക് ടവർ ഭാഗത്ത് നിന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ചിന്നക്കട റൗണ്ടിൽ തിരിയാനുള്ള സാഹചര്യമുണ്ടാകാൻ ഇനിയും കാത്തിരിക്കണം.

ഗതാഗത നിയന്ത്രണത്തെ തുടർന്ന് സിറ്റി പൊലീസ് എ.സി.പിയുടെ യോഗത്തിൽ നിർദ്ദേശം ഉയർന്നെങ്കിലും നേരത്തെ പരീക്ഷിച്ച് പരാജയപ്പെട്ട കാര്യമായതിനാൽ കൂടുതൽ പഠനം ആവശ്യമാണെന്ന് വിലയിരുത്തി. റൗണ്ട് തിരിയാനുള്ള സാഹചര്യം പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നതാണ് മുൻ അനുഭവമെന്നും ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് അധികൃതർ വ്യക്തമാക്കി.