പുനലൂർ: വന്യമൃഗശല്യം രൂക്ഷമായ ആര്യങ്കാവ് പഞ്ചായത്തിലെ ഇരുളൻകാട്ടിൽ വനം വകുപ്പ് അധികൃതർ നിരീക്ഷണകാമറകൾ സ്ഥാപിച്ചു. മൂന്ന് ആഴ്ചക്കിടെ ഇവിടെ പുലിയിറങ്ങി 12 ആടുകളെയും ഒരു പശുവിനെയും കടിച്ചുകൊന്നിരുന്നു. ഇതോടെയാണ് പുലിയുടെ സാന്നിദ്ധ്യം കണ്ടെത്താൻ കാമറകൾ സ്ഥാപിച്ചത്. തുടർച്ചയായി പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞാൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അനുമതിയോടെ പുലിക്കൂട് സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞു. ഇരുളൻകാട്ടിലെ ജനവാസ മേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ പുലി, കാട്ടാന, കാട്ടു പന്നി അടക്കമുളള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.