 
പടിഞ്ഞാറേകല്ലട: ജനവാസ മേഖലകളിലും തിരക്കേറിയ പാതയോരങ്ങളിലും ആക്രി സാധനങ്ങൾ സംഭരിച്ചു കൂട്ടുന്ന സ്ഥലങ്ങളിൽ അടിക്കടിയുണ്ടാകുന്ന തീപിടിത്തങ്ങൾ നാട്ടുകാരെ ആശങ്കപ്പെടുത്തുന്നു.
ചവറ- ഭരണിക്കാവ് സംസ്ഥാനപാതയിൽ ഭരണിക്കാവ് പെട്രോൾ പമ്പിന് സമീപത്തെ ആക്രിസാധനങ്ങളുടെ സംഭരണ ശാലയിൽ തീപിടിത്തമുണ്ടായത് അടുത്തിടെയാണ്. പ്രഭാതനടത്തത്തിനിടെ ചിലർ തീപിടിത്തം കണ്ടെത്തുകയും ഉടൻ തന്നെ ശാസ്താംകോട്ട പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. അവരുടെ സമയോചിതമായ ഇടപെടൽകൊണ്ടുമാത്രമാണ് വൻ
ദുരന്തം അന്ന് ഒഴിവായത്. തൊട്ടടുത്ത പെട്രോൾ പമ്പിലേക്ക് തീ പടർന്നിരുന്നെങ്കിൽ ഒരു പ്രദേശമാകെ കത്തി ചാമ്പലായേനേ.
പേപ്പർ, പഴയ വാഹനങ്ങളുടെ പെട്രോൾ ടാങ്ക്, ടയർ, ബാറ്ററി, റബർ കുഷ്യനുകൾ, പെയിന്റ് പാട്ടകൾ എന്നിങ്ങനെ വേഗത്തിൽ തീപിടിക്കാൻ സാദ്ധ്യതയുള്ള സാധനങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ വൻ തോതിൽ സംഭരിച്ചിട്ടുള്ളത്. ഇതിലേയ്ക്ക് ആരെങ്കിലും വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളിൽ നിന്നാണ് പലപ്പോഴും തീ പടരുന്നത്. ഷോട്ട് സർക്യൂട്ടും കാരണമാകാറുണ്ട്.
ഇത്തരം സംഭരണശാലകൾ ജനവാസ മേഖലയിൽ നിന്നും തിരക്കേറിയ പാതയോരങ്ങളിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.
ലൈസൻസ്
നിർബന്ധമാക്കണം 
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി ആക്രി സാധനസംഭരണശാലകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണ ബോർഡ്, അഗ്നിരക്ഷാസേന എന്നിവയുടെ ലൈസൻസ് നിർബന്ധമാക്കണമെന്നതാണ് വിദഗ്ദ്ധനിർദ്ദേശം.
...................................................................................................................................
ആക്രി സംഭരണശാലകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസിനൊപ്പം ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റ എൻ.ഒ.സി കൂടി നിർബന്ധമാക്കുന്ന നിയമം വേണം.
പി.എസ്.സാബുലാൽ,
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ,
ശാസ്താംകോട്ട.