vadakkevila

കൊല്ലം:'ലഹരിമുക്ത നവകേരളം' എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി സംസ്ഥാന സർക്കാർ നടത്തിവരുന്ന ലഹരിവിമുക്ത ബോധവത്ക്കരണത്തിന്റെ ഭാഗമായി വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിലെ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലിയും മനുഷ്യശൃംഖലയും സംഘടിപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശങ്ങളെഴുതിയ പ്ലക്കാർഡുകളുമായി നടത്തിയ റാലി ഇരവിപുരം എസ്.ഐ ജയേഷ് ഫ്ളാഗ് ഓഫ് ചെയ്തു. കോളേജ് മുതൽ അയത്തിൽ ജംഗ്ഷൻ വരെയാണ് മനുഷ്യശൃംഖല തീർത്തത്. ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിലെയും ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെയും മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.സി.അനിതാ ശങ്കർ, എസ്.എൻ ഐ.ടി പ്രിൻസിപ്പൽ ഡോ.ടി.മഹാലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞയും ഫ്ളാഷ്‌മോബും നടത്തി.