
കൊല്ലം: കുഞ്ഞുപ്രായത്തിൽ തുടങ്ങിയതാണ് വാഹനപ്രേമം. കാർഡ് ബോർഡിൽ തുടങ്ങിയ പരീക്ഷണം കടന്ന് ജീപ്പും മുച്ചക്ര വാഹനവുമായാണ് മുഹമ്മദ് സലീം ഇന്നലെ വൊക്കേഷണൽ ഹയർ സെക്കൻഡറി എക്സ്പോയിൽ എത്തിയത്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ഒരുക്കിയ എക്‌സ്‌പോയിൽ മിന്നും താരം തിരുവനന്തപുരം ജില്ലയിലെ വയനകം വി.എച്ച്.എസ്.എസിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ പതിനേഴുകാരനായിരുന്നു.
ഓട്ടോ ഡ്രൈവറായ അബ്ദുൽ സമദിന്റെയും തയ്യൽ തൊഴിലാളിയായ സലീനയുടെയും വലിയ പ്രതീക്ഷയാണ് മുഹമ്മദ് സലീം. കുറ്റിവട്ടം സ്റ്റാൻഡിൽ നിന്ന് ഓട്ടോയുമായി രാത്രിയിൽ അബ്ദുൽ സമദ് വീട്ടിലെത്തിയാൽ അതിലൊന്ന് ചുറ്റുന്നതാണ് കുട്ടിക്കാലം മുതലേ മുഹമ്മദ് സലീമിന്റെ ശീലം. പിന്നെ അതിന്റെ ചെറു പതിപ്പുകൾ നിർമ്മിച്ചു.
സ്വന്തമായി ജീപ്പ് വാങ്ങാൻ വാപ്പയ്‌ക്ക് പറ്റാത്തതുകൊണ്ട് നിർമ്മിക്കാൻ തീരുമാനിച്ചു. അദ്ധ്യാപകരാണ് സാമ്പത്തികമായി സഹായിച്ചത്. കായംകുളം ആദിക്കാട് കുളങ്ങരയിലെ ആക്രിക്കടയിൽ നിന്ന് സ്‌പെയർ പാർട്സുകൾ വാങ്ങി. വീട്ടിലെത്തിച്ച് ഒരുമാസം കൊണ്ട് ജീപ്പ് ഉണ്ടാക്കി.
സ്വപ്നവണ്ടിയിൽ നാട്ടിലെ ഇടവഴിയിലേയ്‌ക്കിറങ്ങിയപ്പോൾ നാടൊന്നാകെ അഭിനന്ദിച്ചു. പിന്നീട് ഇലക്ട്രിക് വാഹനം നിർമ്മിക്കണമെന്ന ലക്ഷ്യത്തിൽ മുച്ചക്ര വാഹനമൊരുക്കി. എന്നാൽ അതും പെട്രോൾ വാഹനമാക്കി. ഇന്നലെ കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിൽ രണ്ട് വാഹനങ്ങളും ഓടിച്ചുകാണിച്ചാണ് 'ചെക്കൻ' താരമായത്.
കുട്ടിജീപ്പ്
ഓട്ടോറിക്ഷ എൻജിൻ
നാനോ കാർ സസ്പെൻഷൻ
ആൾട്ടോ 800 കാർ സ്റ്റിയറിംഗ്
കിക്കറടിച്ച് സ്റ്റാർട്ട് ചെയ്യാം
ഇന്ധനം പെട്രോൾ
മൈലേജ് 25 കിലോ മീറ്റർ
ചെലവ് ₹ 40,000
ഇലക്ട്രിക് ട്രക്കാണ് സ്വപ്നം. ഇനി നിർമ്മിക്കുന്നതെല്ലാം ഇലക്ട്രിക് വാഹനങ്ങളായിരിക്കും. വിജയിക്കുമെന്ന് പ്രതീക്ഷയുണ്ട്.
മുഹമ്മദ് സലീം