 
എഴുകോൺ : യാത്രക്കാർക്ക് അപകടക്കെണിയായ റോഡരികിലെ കുഴിക്ക് സ്വന്തം ചെലവിലും അദ്ധ്വാനത്തിലും പരിഹാരം കണ്ട് പരിസരവാസികൾ.
പാങ്ങോട് ശിവഗിരി റോഡിൽ ബദാംമുക്കിന് സമീപം കലുങ്കിന്റെ കൈവരി തകർന്നാണ് അപകടക്കുഴി ഉണ്ടായത്. റോഡിന്റെ ചരിവ് കാരണം കുഴി കാണാൻ കഴിയാത്തതിനാൽ നിരവധി പേർ അപകടത്തിൽപ്പെട്ടിരുന്നു. റോഡിന്റെ മറുവശത്ത് കെ.എസ്.ഇ.ബി ട്രാൻസ്‌ഫോമർ സ്ഥാപിച്ചതോടെ ഈ ഭാഗത്തെ വാഹനയാത്ര ഏറെ ബുദ്ധിമുട്ടുള്ളതായിമാറി. അപകടം പതിവായതോടെയാണ് പരിസരവാസികളായ എസ്.ആർ.സത്യരാജ്, ജി.സുഗതൻ എന്നിവർ ചേർന്ന് ഇരുമ്പിന്റെയും കല്ലിന്റെയും തൂണുകൾ സ്ഥാപിച്ചും കോൺക്രീറ്റ് ചെയ്ത് റോഡിന്റെ വീതി കൂട്ടിയും പരിഹാരം കണ്ടത്. അടുത്തിടെ ഒരു ഇരുചക്ര വാഹനയാത്രക്കാരി കൺമുമ്പിൽ അപകടത്തിൽപ്പെട്ടതാണ് ഇവരെ സത്വരനടപടിക്ക് പ്രേരിപ്പിച്ചത്.