കൊല്ലം: കല്ലുംതാഴത്ത് വർക്ക് ഷോപ്പ് നടത്തുന്ന ബിജുദേവരാജിനെ വർക്ക്ഷോപ്പിലെത്തി അക്രമിച്ചെന്ന പരാതിയിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്തു. ഉമയനല്ലൂർ നടുവിലക്കര സ്വദേശി രാധാകൃഷ്ണൻ, തൗഫീക്ക്, ആൻസിൽ എന്നിവർക്കതിരെയും കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെയുമാണ് കേസ്.
കഴിഞ്ഞമാസം 27ന് രാത്രി എഴയോടെയായിരുന്നു സംഭവം. അറ്റക്കുറ്റപ്പണിക്ക് നൽകിയ കാർ തിരിച്ചെടുക്കാൻ വന്ന യുവാവിനെ പൂട്ടിയിട്ടെന്നാരോപിച്ച് എത്തിയ സംഘം തന്നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ബിജുദേവരാജിന്റെ പരാതി. കൂട്ടത്തിലുണ്ടായിരുന്ന ഓൺലൈൻ ചാനലുകാരൻ വസ്തുത മറച്ചുവച്ച് അക്രമികൾക്കൊപ്പം ചേരുകയായിരുന്നു. പിന്നീട് സംഭവം വളച്ചൊടിച്ച് പ്രചരിപ്പിച്ചു. ഓൺലൈൻ ചാനലുകാരന് തന്നോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ബിജു ദേവരാജിന്റെ പരാതിയിൽ പറയുന്നു.