ഓയൂർ: ആയിരങ്ങൾ വിലവരുന്ന ടർക്കി കോഴികളെയും മുട്ടക്കോഴികളെയും അജ്ഞാത ജീവി കൊന്ന് തിന്നു. പൂയപ്പള്ളി മേലോട് വാർഡിലെ പാണയത്ത് കരിക്കത്തിൽ ഡോ. ഒ.വാസുദേവന്റെ ഉടമസ്ഥതയിലുള്ള ഹരിതം ഫാം ഹൗസിന്റെ കൂടുകൾ പൊളിച്ചാണ് 11 ടർക്കിക്കോഴികളയും 10കിലോയോളം തൂക്കംവരുന്ന 4 ടർക്കികുഞ്ഞുങ്ങളെയും 18 മുട്ടക്കോഴികളെയും കൊന്നു തിന്നത്. നാൽപ്പതിനായിരം രൂപയുടെ നഷ്ടമുള്ളതായി കണക്കാക്കുന്നു. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി.എസി.സജുവിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരായ ആർ.രാജേഷ്, ലിലു താജുദ്ദീർ, വെറ്ററിനറി ഡോക്ടർമാരായ സി.ബി. പൂയപ്പള്ളി, മാലിനി എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കോഴികളെ കൊണ്ട് തിന്നത് നായ്ക്കൂട്ടമാണെന്നാണ് ഫോറസ്റ്റ് അധികൃതരുടെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം പൂയപ്പള്ളി ടൗൺ വാർഡിൽ ആടിനെ കുടിച്ചു കൊന്നിരുന്നു. അടുത്ത കാലത്തായി നൂറുകണക്കിന് കോഴികളെയാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അജ്ഞാത ജീവി കൊന്നു തിന്നത്.