കൊല്ലം: ലഹരി വ്യാപനത്തിന് പിന്നിൽ രാജ്യത്തെ തകർക്കാനുള്ള നിഗൂഢ അജണ്ടയുണ്ടെന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി ജി.ഡി.വിജയകുമാർ പറഞ്ഞു. ചാത്തന്നൂർ എസ്.എൻ കോളേജിൽ കേരളകൗമുദിയുടെയും എക്സൈസ് വകുപ്പിന്റെയും പൂർവ വിദ്യാർത്ഥി സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നിലനിൽപ്പിൽ യുവതലമുറയുടെ ആരോഗ്യവും ബൗദ്ധികശക്തിയും അതിപ്രധാനമാണ്. ഇത് തകർക്കുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം. ലഹരിപദാർത്ഥങ്ങളുടെ വില്പനയിലൂടെ ഇവർ സ്വരൂപിക്കുന്ന പണം എന്തിനാണ് വിനിയോഗിക്കുന്നതെന്ന് മനസിലാക്കണം. രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ ശ്രമിക്കുന്ന വിധ്വംസക ശക്തികളിലേക്കാണ് ഈ പണം ഒഴുകുന്നത്. നമ്മുടെ കുടുംബത്തിൽ ഒരാൾ ലഹരിക്ക് അടിമപ്പെടുമ്പോൾ മാത്രമാണ് അതിന്റെ ഭീകരത വ്യക്തമാകുന്നത്. എല്ലാ വ്യക്തികൾക്കും സാമൂഹ്യ പ്രതിബദ്ധത ഉണ്ടാകണം. ഇന്ന് കാണുന്ന സാമൂഹ്യ അന്തരീക്ഷം രൂപപ്പെട്ടതിന് പിന്നിൽ ഓരോ വ്യക്തിയുടെയും സംഭാവനയുണ്ട്. നമ്മൾ സ്വയം ലഹരിയോട് അകലം പാലിക്കുന്നതിനൊപ്പം മറ്റുള്ളവർ ലഹരിക്ക് വഴിപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. മാരക ലഹരിപദാർത്ഥങ്ങൾക്ക് അടിമയായാൽ മോചനം പ്രയാസമാണ്. വിദ്യാർത്ഥികൾ സമൂഹത്തിന്റെ മാർഗദീപങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ലത മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസർ എസ്. രതീഷ് കുമാർ ബോധവത്കരണ ക്ലാസ് നയിച്ചു. എക്സൈസ് പ്രവന്റീവ് ഓഫീസർ അനിൽകുമാർ, അസി. പ്രൊഫസർ ബി.ബിജി, നാക്ക് കോ- ഓർഡിനേറ്റർ ഡോ. വി.ദിവ്യ, ഡി അഡിക്ഷൻ ക്ലബ് കോ ഓഡിനേറ്റർ ഡോ. എം. കിരൺമോഹൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. നിഷ സോമരാജൻ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധി അനിത്ത് കുമാർ, കോളേജ് യൂണിയൻ ചെയർമാൻ എച്ച്.ഹരിദേവ്, കോളേജ് യു.ഡി ക്ലാർക്ക് സാബു, കേരളകൗമുദി ലേഖകൻ പട്ടത്താനം സുനിൽ എന്നിവർ ആശംസ നേർന്നു. പൂർവ വിദ്യാർത്ഥി സംഘടന എക്സി. കമ്മിറ്റി അംഗം ശ്രീജ രാജീവ് സ്വാഗതവും കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾ സമൂഹത്തിലെ തിരുത്തൽ ശക്തികളാകണം. ലഹരി ഒരിക്കൽ പോലും ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്നതിനൊപ്പം മറ്റുള്ളവർ ആ വഴികളിലേക്ക് സഞ്ചരിക്കാതിരിക്കാനും വിദ്യാർത്ഥികൾ ശ്രമിക്കണം. ഒരു വിദ്യാർത്ഥി ലഹരിക്ക് അടിമയാകുമ്പോൾ തകരുന്നത് ഒരു കുടുംബമാണ്. അതുകൊണ്ട് വിദ്യാർത്ഥികൾ ജീവിത വിജയം, ലഹരിയായി കാണണം.
ഡോ. എം.എസ്.ലത, കോളേജ് പ്രിൻസിപ്പൽ
ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടാകണം. അതിന് വേണ്ടി അദ്ധ്വാനിക്കണം. ലക്ഷ്യത്തിലേക്കുള്ള യാത്രയെ തകിടം മറിക്കുന്ന ലഹരി അടക്കമുള്ള പ്രലോഭനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കരുത്.
അനിൽകുമാർ
എക്സൈസ് പ്രിവന്റീവ് ഓഫീസർ