കൊല്ലം: അരിയുടെയും മറ്റ് പല വ്യഞ്ജനങ്ങളുടെയും പച്ചക്കറിയുടെയും വില നിയന്ത്രിക്കാൻ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് വിപണിയിൽ മിന്നൽ പരിശോധന തുടങ്ങി.
ആന്ധ്ര ഗോദാവരി ജയ അരിയുടെ വില വർദ്ധനവിന്റെ ചുവട് പിടിച്ച് മറ്റിനങ്ങളുടെ വില അകാരണമായി ഉയർത്തിയത് തടയാനാണ് പരിശോധന. ജയ അരി കുറഞ്ഞ വിലയ്ക്ക് നേരത്തെ സംഭരിച്ച് പൂഴ്ത്തിവച്ച ശേഷം ഇപ്പോൾ കൂടിയ വിലയ്ക്ക് വിൽക്കുന്നതായും സംശയമുണ്ട്. കളക്ടർ നേരിട്ടിറങ്ങി പരിശോധിക്കാനും സർക്കാർ നിർദ്ദേശമുണ്ട്.
മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങൾ പലവ്യഞ്ജനങ്ങൾ വാങ്ങിയ വിലയും വിൽക്കുന്ന വിലയും പരിശോധിക്കും. ഇതിന് പുറമേ ബില്ലിലുള്ളതിനേക്കാൾ കൂടുതൽ സ്റ്റോക്ക് കടകളിലുണ്ടോയെന്ന് കണ്ടെത്താൻ നിർദ്ദേശമുണ്ട്. ഇങ്ങനെ പൂഴ്ത്തിവച്ചിട്ടുണ്ടെങ്കിൽ ഏറ്റെടുക്കാനും സാദ്ധ്യതയുണ്ട്.
മുതലെടുപ്പുമായി മട്ട,
കുത്തരി മില്ലുകൾ
ആന്ധ്ര ഗോദാവരി ജയ അരിയുടെ വില വർദ്ധിച്ചതോടെ കച്ചവടം ഇടിഞ്ഞു. ഗോദാവരി ജയ ഉപയോഗിച്ചിരുന്നവരിൽ വലിയൊരു വിഭാഗം കുത്തരി വാങ്ങാൻ തുടങ്ങി. ആവശ്യകത വർദ്ധിച്ചതോടെ കുത്തരിയുടെയും വില ഉയർത്തുകയായിരുന്നു. കർണാടകയിൽ നിന്ന് നെല്ല് എത്തിക്കുന്നതിനാലാണ് വില വദ്ധിക്കുന്നതെന്നാണ് കുത്തരി മില്ലുടമകൾ പറയുന്നത്. പക്ഷേ പൊതുവിതരണ വകുപ്പ് ഇക്കാര്യം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
ഗോദാവരി ജയയുടെ കുത്തക തകർക്കും
ജാർഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന വിവിധയിനം ജയ അരി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കി ഗോദാവരി ജയയുടെ കുത്തക തകർക്കാനും പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതര സംസ്ഥാന ജയകൾ എത്തിക്കാൻ അന്തർസംസ്ഥാന അരി ബ്രോക്കർമാരുടെ സഹായം തേടും. ഇതിന് പുറമേ ഗോദാവരിയിൽ നിന്ന് ജയ അരി എത്തിക്കുന്ന ലോറി ഗതാഗതത്തിലെ നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്താനും ആലോചനയുണ്ട്.
വിവിധയിനം അരികൾ, മൊത്തവില ജൂൺ, മൊത്തവില ഒക്ടോബർ, ചില്ലറ വില ഒക്ടോബർ
ഗോദാവരി ജയ അരി - 42 - 43, 56 - 57, 58-61
കുത്തരി - 46 - 48, 52 - 55, 54 - 56
പഞ്ചാബ് ജയ - -, 39 - 41, 40 - 42
ജാർഖണ്ഡ് ജയ - 39 - 40, 39 - 40, 39 - 40