photo
വിമുക്തി പക്ഷാചരണത്തിന്റെ സമാപനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ നിർവഹിക്കുന്നു.

കരുനാഗപള്ളി : താലൂക്ക് ലൈബ്രറി കൗൺസിൽ ഒക്ടോബർ 15 മുതൽ താലൂക്കിൽ സംഘടിപ്പിച്ച വിമുക്തി പക്ഷചരണം സമാപിച്ചു. അക്ഷരമാണ് ലഹരി, വായനയാണ് ലഹരി എന്ന പേരിൽ ഗ്രന്ഥശാലകൾ, തൊഴിലിടങ്ങൾ, വിദ്യാലയങ്ങൾ, കോളനികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് 150 പരിപാടികളാണ് സംഘടിപ്പിത്. ബോധവൽക്കരണ ക്ലാസുകൾ, കോളനി സന്ദർശനം, ലഹരിയിൽ നിന്ന് വിട പറഞ്ഞവരുടെ സമ്മതപത്രം ഏറ്റുവാങ്ങൽ, ലഹരിക്കെതിരേ അമ്മക്കൂട്ടങ്ങൾ, പ്രദർശനങ്ങൾ, അക്ഷരദീപം തെളിക്കൽ, ഘോഷയാത്രകൾ എന്നിങ്ങനെ വിവിധ പരിപാടികളാണ് താലൂക്കിൽ സംഘടിപ്പിച്ചത്. ഒരു വർഷം നീണ്ടു നിൽക്കുന്ന തുടർ പ്രവർത്തനങ്ങളും തീരുമാനിച്ചിട്ടുണ്ട്. പക്ഷാചരണത്തിന്റെ താലൂക്ക് തല സമാപനം ഓച്ചിറ ഗവ. ഹൈസ്കൂളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. മുരളീധരൻപിള്ള മോഡറേറ്റർ ആയിരുന്നു. സിവിൽ എക്സൈസ് ഓഫീസർ ഹരിപ്രസാദ് ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് കബീർ എൻസൈൻ, പ്രിൻസിപ്പൽ എസ്.സജി, ഹെഡ്മിസ്ട്രസ് ഹഫ്സാ ബീവി, എൻ.വേലായുധൻ എന്നിവർ സംസാരിച്ചു. എം.ഗോപാലകൃഷ്ണപിള്ള സ്വാഗതവും ടി.രാജു നന്ദിയും പറഞ്ഞു.