കൊല്ലം: ജില്ലയിൽ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നു. ഒരു മാസത്തിനിടെ നൂറിലധികം പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഇവരിൽ നാലിൽ ഒരാൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. അതേസമയം, ഡെങ്കിപ്പനി പടർന്നുപിടിച്ച ശക്തികുളങ്ങര മേഖലയിലെ തുരുത്തുകളിൽ ആരോഗ്യവകുപ്പിന്റെ 30 അംഗ ദ്രുതകർമ്മ സേന സന്ദർശിക്കുകയും കൊതുകു നശീകരണ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇരവിപുരത്തും കഴിഞ്ഞ ദിവസം ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശുദ്ധജലം ശേഖരിക്കുന്ന പാത്രങ്ങൾ നിർബന്ധമായും മൂടിവയ്ക്കണമെന്നും ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ഡെങ്കിപരത്തും ഈഡിസ്
ശുദ്ധജലത്തിൽ പ്രത്യേകിച്ച്, കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തിലുള്ള പെൺകൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്. പകൽ സമയം മാത്രമാണ് ഇവ കടിക്കുക. ചെറിയ പനികളോടെയായിരിക്കും തുടക്കം. പലരും ഇത് സാധാരണ പനിയായി അവഗണിക്കും. എന്നാൽ, അസുഖം മൂർച്ഛിക്കുന്നതോടെ ബ്ലീഡിംഗ് മുതൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
ശ്രദ്ധിക്കണം, ചികിത്സയിൽ
1. പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സിക്കണം
2. മുതിർന്ന കുട്ടികളിലും മദ്ധ്യവയസ്കരിലുമാണ് ഡെങ്കിപ്പനി സാദ്ധ്യത കൂടുതൽ
3. വൈറസ് പ്രവേശിച്ച് 58 ദിവസം കഴിയുമ്പോൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങും
4. പനി പത്ത് ദിവസത്തോളം നീണ്ടുനിൽക്കും
5. സ്വയം ചികിത്സ ഒഴിവാക്കണം
6. തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം
7. പഴങ്ങൾ, പഴച്ചാറുകൾ എന്നിവ കൂടുതൽ ഉപയോഗിക്കണം
8. വേദനസംഹാരികൾ ഒഴിവാക്കണം
9. രക്തസ്രാവം, നിൽക്കാതെയുള്ള ഛർദ്ദി, പ്ളേറ്റ്ലെറ്റ് അളവ് താഴുക, ശ്വാസതടസം, മൂത്രത്തിന്റെ അളവ് കുറയുക എന്നിവ രോഗ തീവ്രത കൂടുതലാണെന്ന് വ്യക്തമാക്കുന്നു
രോഗലക്ഷണം
പെട്ടെന്നുള്ള കഠിനമായ പനി
അസഹ്യമായ തലവേദന
നേത്രഗോളങ്ങളുടെ പിന്നിലെ വേദന
സന്ധികളിലും മാംസപേശികളിലും വേദന
വിശപ്പ്, രുചിയില്ലായ്മ
മനംപുരട്ടലും ഛർദ്ദിയും
പ്രതിരോധമാണ് കരുതൽ
1. വെള്ളം കെട്ടി നിൽക്കുന്നത് ഒഴിവാക്കുക
2.ഫ്രിഡ്ജിന് പിന്നിലെ ട്രേ ഉൾപ്പെടെയുള്ളവ വൃത്തിയാക്കുക
3. വെള്ളം അടച്ചുസൂക്ഷിക്കുക
4. ജലസംഭരണികൾ കൊതുക് കടക്കാത്ത രീതിയിൽ മൂടി വയ്ക്കുക
5. കൊതുകുകടി ഏൽക്കാതിരിക്കാൻ ലേപനങ്ങൾ ഉപയോഗിക്കുക
6. ശരീരം മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക
7. ജനലുകളും വാതിലുകളും കൊതുക് കടക്കാതെ അടച്ചിടുക
8. ആഴ്ചയിലൊരിക്കൽ ഉറവിട നശീകരണം നടത്തുക
''രോഗകാരി വൈറസുകളായതിനാൽ ഡെങ്കിപ്പനിക്ക് പ്രത്യേക ചികിത്സയോ മരുന്നോ ഇല്ല. രോഗസാദ്ധ്യതകൾ നിയന്ത്റിക്കുകയാണ് പോംവഴി. സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രി സേവനം ഉപയോഗിക്കണം " ആരോഗ്യവകുപ്പ് അധികൃതർ