photo
നിർമ്മാണം പൂർത്തിയായ മൈലം സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം

കൊട്ടാരക്കര: മൈലത്തും കലയപുരത്തും സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം പൂർത്തിയായി,​ 10ന് നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിലുൾപ്പെടുത്തി 44 ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് നിർമ്മാണം. 2020 നവംബർ ആദ്യവാരത്തിൽ നിർമ്മാണം തുടങ്ങിയെങ്കിലും വിവിധ കാരണങ്ങളാൽ ഇഴഞ്ഞുനീങ്ങുകയായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസുകളിൽ എത്തുന്നവരുടെയും ഉദ്യോഗസ്ഥരുടെയും ബുദ്ധിമുട്ടുകൾ നിരത്തി നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന്,​ മന്ത്രി കെ.എൻ.ബാലഗോപാലും റവന്യൂ വകുപ്പും ശക്തമായി ഇടപെട്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർവഹണ ചുമതല.

എത്തിപ്പെടാൻ എളുപ്പം

എം.സി റോഡിന്റെ അരികിലായിട്ടാണ് മൈലം വില്ലേജ് ഓഫീസിന് മനോഹരമായ കെട്ടിടം നിർമ്മിച്ചത്. ഇവിടെ ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കിയാണ് ഒറ്റ നിലയുള്ള പുതിയ കെട്ടിടമൊരുക്കിയത്.

വില്ലേജ് ഓഫീസറുടെ ഓഫീസ് മുറി,​ ഓഫീസ് ഏരിയ, ഡോക്യുമെന്റ് സ്റ്റോർ, പൊതുജനങ്ങൾക്കുള്ള വിശ്രമ സ്ഥലം, ടോയ്‌ലറ്റ്, ഡൈനിംഗ് ഏരിയ, പാർക്കിംഗ്, ചുറ്റുമതിൽ എന്നീ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. പൂർണമായും കമ്പ്യൂട്ടറൈസ്ഡ് ഓഫീസാകും പ്രവർത്തിക്കുക. റെയിൽവേ ട്രാക്കിന് സമീപത്താണ് കെട്ടിടം. അതുകൊണ്ടുതന്നെ സാധാരണയിൽ കൂടുതൽ ബലപ്പെടുത്തിയ അടിത്തറ ഒരുക്കേണ്ടി വന്നു. എം.സി റോഡിന്റെ അരികിലായതിനാൽ പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഓഫീസിലെത്താൻ ബുദ്ധിമുട്ടുമില്ല.

സംഘാടക സമിതി

മൈലം,​ കലയപുരം സ്മാർട്ട് വില്ലേജ് ഓഫീസുകൾ 10ന് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. അതത് വില്ലേജ് ഓഫീസുകളുടെ പരിസരത്താണ് ചടങ്ങുകൾ നടത്തുക. മൈലം വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ് ചെയർപേഴ്സണും തഹസീൽദാർ പി.ശുഭൻ കൺവീനറുമായുള്ള കമ്മിറ്റിയും കലയപുരം വില്ലേജ് ഓഫീസിനായി കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ ചെയർമാനും തഹസീൽദാർ പി.ശുഭൻ കൺവീനറുമായ സംഘാടക സമിതി കമ്മിറ്റികളാണ് രൂപീകരിച്ചത്.

ഇഴഞ്ഞിഴഞ്ഞ് നെടുവത്തൂർ

നെടുവത്തൂരിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയാണ്. തൊട്ടടുത്തുള്ള വായനശാല കെട്ടിടത്തിലാണ് ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നത്. കെട്ടിട നിർമ്മാണം പൂർത്തിയാക്കിയിരുന്നുവെങ്കിൽ മൈലത്തിനും കലയപുരത്തിനുമൊപ്പം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞേനെ. പവിത്രേശ്വരം വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കിയിട്ടും പുതിയതിന് ഇതുവരെ ശിലാസ്ഥാപനം നടത്താൻ പോലും കഴിഞ്ഞിട്ടില്ല.